
മോഹൻലാലിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് 'ഉണ്ണികളെ ഒരു കഥ പറയാം'. തിലകൻ, കാർത്തിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം അന്നത്തെ ബോക്‌സോഫീസിൽ വലിയ ഹിറ്റായിരുന്നു. കമൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് 'ഉണ്ണികളെ ഒരു കഥ പറയാം'. തെരുവും കുട്ടികളും മോഹൻലാൽ ചെയ്ത എബി എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധം പറയുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് കൊടൈക്കനാലിൽ വച്ചായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വിജി തമ്പി ഷൂട്ടിംഗ് സമയത്തെ ചില അനുഭവങ്ങൾ തുറന്നുപറയുകയാണ്.
സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് വിജി തമ്പി അനുഭവങ്ങൾ തുറന്നുപറയുന്നത്. കൊടൈക്കനാലിലെ ഷൂട്ടിംഗ് സമയത്ത് മോഹൻലാലിനെ ആളുമാറി ഒരു കൂട്ടം ടാക്സി ഡ്രൈവർമാർ തല്ലാൻ വന്ന സംഭവമാണ് വിജി തമ്പി വിശദീകരിക്കുന്നത്. മോഹൻലാൽ എന്ന നടന്റെ താരോദയ സമയത്താണ് ഈ അനുഭവങ്ങളുണ്ടാകുന്നത്.
വിജി തമ്പിയുടെ വാക്കുകളിലേക്ക്...
'ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാറായിരുന്നു. ഒരു ദിവസം ഷൂട്ട് ആരംഭിച്ചപ്പോൾ എസ് കുമാറിന് കഠിനമായ തലവേദന അനുഭവപ്പെട്ടു. ക്യാമറയിലൂടെ നോക്കാൻ പോലും പറ്റാത്ത അവസ്ഥ. അങ്ങനെ ആ ദിവസത്തെ ഷൂട്ടിംഗ് പാക്കപ്പ് ചെയ്തു. അന്ന് ഉച്ചയ്ക്ക് രണ്ട് മൂന്ന് മണിയായപ്പോൾ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് താമസസ്ഥലത്തേക്ക് തിരിച്ചുപോകുകയാണ് ഞങ്ങൾ. ഞാനും മോഹൻലാലും തിലകൻ ചേട്ടനും എസ് കുമാറും ചേർന്ന് ഒരു കാറിലാണ് പോയത്. ഈ സമയത്ത് മുമ്പിലൂടെ പോയ ഒരു വാഹനം എത്ര ഹോൺ അടിച്ചിട്ടും സൈഡ് തരുന്നില്ല. കാറിലുള്ളവർക്ക് ഭയങ്കര ഇറിട്ടേഷനായി'.
'തിലകൻ ചേട്ടന് വരെ ഭയങ്ക ദേഷ്യമായി. ഒരു പോയിന്റിൽ എത്തിയപ്പോൾ ടാക്സി ഓവർട്ടേക്ക് ചെയ്തു, അപ്പോൾ തിലകൻ ചേട്ടൻ പറഞ്ഞു വണ്ടി നിർത്താൻ. ഈ വണ്ടി മറ്റേ വണ്ടിയുടെ കുറുകെ കൊണ്ട് നിർത്തി. ഈ സമയത്ത് കാറിൽ നിന്നും ഇറങ്ങിയ തിലകൻ ചേട്ടനും കുമാറും ടാക്സി ഡ്രൈവറുമായി വാക്കുതർക്കത്തിലേർപ്പെട്ടു. ശേഷം ഞങ്ങൾ കൊടൈക്കനാലിലെ താമസസ്ഥലത്ത് എത്തി'.
'രാത്രി പത്ത് മണിയായപ്പോൾ ഞങ്ങൾ കാണുന്നത്, പുറത്ത് ഭയങ്കര ബഹളം. കുറേ വണ്ടികളും ബഹളവും ആകെപ്പാടെ പ്രശ്നം. ഇവരുടെ ആവശ്യം പടത്തിലെ ഹീറോയെ തല്ലണമെന്നാണ്. ഹീറോ ഡ്രൈവറെ ചീത്ത വിളിച്ചു. ഹീറോയെ അടിച്ചിട്ടേ പോകൂവെന്ന് ഡ്രൈവർമാർ വാശിപിടിച്ചു. ഇവരുടെ കയ്യിൽ വീൽ സ്പാനറും മറ്റും ഉണ്ടായിരുന്നു. ഇത് കേട്ടതോടെ ലാൽ ആകെ ടെൻഷനായി. 'ഞാനൊന്നും പറഞ്ഞില്ലല്ലോ, ഞാൻ വണ്ടിയിൽ നിന്നു പോലും ഇറങ്ങിയില്ലല്ലോ' എന്ന് ലാൽ പറഞ്ഞു.'
'അന്ന് ലാൽ തമിഴ്നാട്ടിൽ അത്ര പോപ്പുലർ ആയിരുന്നില്ല. ഡ്രൈവർമാർ ധരിച്ചുവച്ചിരിക്കുന്നത് ഹീറോ കുമാറാണെന്നാണ്. കുമാർ കാണാൻ ഭയങ്കര സ്മാർട്ടും തലേൽ കെട്ടൊക്കെ കെട്ടിയാണുണ്ടായിരുന്നത്. അങ്ങനെ ലാൽ ഇറങ്ങിവന്നു. ലാലിനെ കണ്ടയുടൻ ഡ്രൈവർമാർ പറഞ്ഞു. ഇവർ അല്ല, ഇയാളെ ഞങ്ങൾ കണ്ടിട്ടില്ല എന്ന്. ഇവർക്ക് കുമാറിനെ കിട്ടണം. അവസാനം കുമാറിനെ പോയി വിളിച്ചു. പിന്നെ ഇത് എന്തൊക്കെയോ പറഞ്ഞ് പരിഹരിച്ചു. ശേഷം ഇതും പറഞ്ഞ് ലാൽ കുമാറിനെ കുറേ കളിയാക്കുകയും ചെയ്തു.'