anto-antony

പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. എൽഡി ക്ലർക്ക് യദു കൃഷ്ണനെയാണ് സസ്‌പെൻഡ് ചെയ്തത്. പോളിംഗ് സാധനങ്ങൾ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ വയ്‌ക്കേണ്ട ഫ്ളക്സ് തയ്യാറാക്കാനായി പിഡിഎഫ് ആയി നൽകിയ പട്ടിക അബദ്ധത്തിൽ ഉദ്യോഗസ്ഥ ഗ്രൂപ്പിലേക്ക് പോയെന്നാണ് കണ്ടെത്തൽ. വിവരമറിഞ്ഞപ്പോൾ ഉദ്യോഗസ്ഥരെ മാ​റ്റി പ്രശ്നം പരിഹരിച്ചെന്ന് ജില്ലാ വരണാധികാരി അറിയിച്ചിട്ടുണ്ട്.

കളളവോട്ടിനുളള നീക്കമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പ്രതിഷേധിച്ചതിനുപിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.തിരഞ്ഞെടുപ്പ് അട്ടിമറിക്ക് വളരെ ഹീനമായ തന്ത്രങ്ങളാണ് നടക്കുന്നത്. ഇവിടത്തെ പോളിംഗ് ഓഫീസർമാരായി നിശ്ചയിച്ചിരിക്കുന്നതിൽ കൂടുതലാളുകളും ഇടതുപക്ഷത്തിന്റേതാണ്. അവരുടെ ലിസ്റ്റ് ഇടതുപക്ഷ സംഘടനകൾക്ക് ചോർത്തിക്കൊടുത്തു.

നമ്മുടെ ആളാണ് ഇന്നയിടത്തെ പോളിംഗ് ഓഫീസർ എന്നും നിങ്ങൾക്ക് അവിടെ കള്ളവോട്ട് ചെയ്യാമെന്നും പറഞ്ഞ് ഈ ലിസ്റ്റ് എല്ലായിടത്തും പ്രചരിപ്പിക്കുകയാണ്. ഇതൊന്നും അംഗീകരിക്കാൻ സാധിക്കില്ല. പോളിംഗ് ഓഫീസർമാർ ആരൊക്കെയാണെന്ന് നിശ്ചയിച്ചിട്ടുള്ള ഓഡറുകൾ കളക്ടറേറ്റിൽ നിന്ന് പുറത്തുപോയ ചരിത്രമുണ്ടോ. ഇപ്പോൾ അത് പുറത്തുപോയിരിക്കുകയാണ്.'- അദ്ദേഹം ആരോപിച്ചു.

ആരോപണത്തോട് ഇതുവരെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക് പ്രതികരിച്ചിട്ടില്ല. അതേസമയം, ആറ്റിങ്ങലിൽ ഇരട്ടവോട്ടുണ്ടെന്ന യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ ആരോപണം തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് തള്ളി. പരാതി വിശദമായി പരിശോധിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. കളക്ടർ നീതി നിർവഹണത്തിന് തയ്യാറാകണമെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.