ep-jayarajan

കണ്ണൂർ: ബിജെപിയിലേക്ക് പോകേണ്ട കാര്യമില്ലെന്നും താൻ ആർഎസ്‌എസിനോട് പോരാടി വന്ന നേതാവാണെന്നും സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജൻ. നിലവാരമില്ലാത്തവർ പറഞ്ഞതിനെക്കുറിച്ച് ചോദിക്കരുതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കെപിസിസി പ്രസി‌ഡന്റ് കെ സുധാകരൻ നടത്തിയ പ്രസ്‌താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഇപിയുടെ മറുപടി.

'ചെന്നൈയിലെ ബിജെപി നേതാവായ രാജ ക്ഷണിച്ചതിനാലാണ് ഒരിക്കൽ അങ്ങോട്ടേക്ക് പോയതെന്ന് സുധാകരൻ നേരത്തേ പറഞ്ഞിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ബിജെപി നേതാക്കളുടെ സഹായത്തോടെ അമിത് ഷായുമായി നേരിൽ കണ്ട് സംസാരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു എന്നും സുധാകരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്', ജയരാജൻ പറഞ്ഞു.

'സാധാരണ കഴിക്കുന്ന മരുന്ന് ഇന്നലെ അദ്ദേഹം കഴിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. അതിന്റെ തകരാറാണ് രാവിലെ പ്രകടിപ്പിച്ചത്. ബിജെപിയും ആർഎസ്‌എസുമായും സുധാകരന് അടുപ്പമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് വിവരം കിട്ടി എന്നുപറഞ്ഞ് പ്രസ്‌താവന നടത്തിയത്. ബിജെപിയിലേക്കും ആർഎസ്‌എസിലേക്കും പോകേണ്ട ആവശ്യം എനിക്കില്ല. നിലവാരമില്ലാത്തവർ പറഞ്ഞതിനെ കുറിച്ച് ചോദിക്കരുത്. ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. ', ജയരാജൻ വ്യക്തമാക്കി.

'സുധാകരൻ എന്നെ വെടിവയ്‌ക്കാൻ അയച്ച രണ്ടുപേരും ആർഎസ്എസുകാരാണ്. സുധാകരന് എന്നോട് പക തീർന്നിട്ടില്ല. മാദ്ധ്യമങ്ങൾ മാന്യത തെളിയിക്കാൻ നിലപാട് സ്വീകരിക്കണം. ഇത്തരം ആരോപണങ്ങളെ അവഗണിക്കണം. ആരോപണത്തില്‍ സുധാകരനെതിരെ നിയമനടപടി സ്വീകരിക്കും. വക്കീല്‍ നോട്ടിസ് അയക്കും. ദല്ലാൾ നന്ദകുമാറിനെ അറിയില്ല. പറഞ്ഞതൊക്കെ അവരോട് ചോദിക്കണം. ശോഭയെ പരിചയമില്ല.' - ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

ഇപി ജയരാജനെ ബിജെപിയിലെത്തിക്കാൻ ചർച്ച നടന്നുവെന്നാണ് സുധാകരൻ നേരത്തേ പറഞ്ഞിരുന്നത്. ഗൾഫിൽ നടന്ന രഹസ്യചർച്ചയ്‌ക്ക് ചുക്കാൻ പിടിച്ചത് ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമാണെന്നും സുധാകരൻ ആരോപിച്ചിരുന്നു. ഗവർണർ പദവിയാണ് ജയരാജന് വാഗ്‌ദാനം ചെയ‌്തു, എന്നാൽ സിപിഎമ്മിൽ നിന്നുള്ള ഭീഷണി ഉയർന്നതിനെ തുടർന്ന് ജയരാജൻ പിന്മാറുകയായിരുന്നുവെന്നാണ് സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ അധികം വൈകാതെ വ്യക്തമാക്കുമെന്നും സുധാകരൻ പറഞ്ഞിരുന്നു.

എം.പി ഗോവിന്ദൻ സെക്രട്ടറിയായതു മുതൽ ജയരാജൻ അസ്വസ്ഥനാണ്. പലകാരണങ്ങൾ കൊണ്ടും ആ സ്ഥാനത്ത് വരേണ്ടിയിരുന്നത് ഇ.പിയായിരുന്നു. കിട്ടില്ലാന്ന് വന്നപ്പോൾ ഇ.പിയ്‌ക്ക് ഭയങ്കര നിരാശയുണ്ട്. പല സുഹൃത്തുക്കളോടും അദ്ദേഹം അത് പറഞ്ഞു. പിണറായി വിജയനുമായിട്ടും അത്ര നല്ല ബന്ധത്തിലല്ല ഇപി ജയരാജൻ എന്നും സുധാകരൻ ആരോപിച്ചിരുന്നു.