
മുൻമന്ത്രിയും വടകരയിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ ശൈലജയെ അനുകരിച്ച ആവർത്തന എന്ന കൊച്ചുമിടുക്കിയുടെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'പെണ്ണാണ് ഭരിക്കുന്നതെങ്കിലും... എന്താ പെണ്ണിന് കുഴപ്പം' എന്ന നിയമസഭയിലെ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന ശൈലജയുടെ പ്രസംഗമായിരുന്നു പാലക്കാട് സ്വദേശിനി ആവർത്തന അനുകരിച്ചത്.
ഇതിനുപിന്നാലെ നടൻ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പമുള്ള ആവർത്തനയുടെ ഒരു റീലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിനെ 'ട്രോളിക്കൊണ്ടുള്ള' വീഡിയോയുമായെത്തിയിരിക്കുകയാണ് കുട്ടിയിപ്പോൾ.
'ജാസ്മിൻ എപ്പോഴും കുളിക്കില്ലെന്നൊക്കെ പറഞ്ഞ് ഭയങ്കര പരാതിയല്ലേ. ഞാനൊരു സോപ്പ് തരാം. എല്ലാ ദിവസവും നീ കുളിക്കുക' എന്ന് ബിഗ് ബോസിലെ ഒരു മത്സരാർത്ഥി പറയുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. തുടർന്ന് സോപ്പും തോർത്തുമായി കുളിക്കാൻ പോകുന്ന ആവർത്തനയേയാണ് കാണിക്കുന്നത്. ഇതിനൊപ്പം മോഹൻലാലിന്റെ ശബ്ദവും കേൾക്കാം. ഒടുവിൽ 'ഇന്നെങ്കിലും ഒന്ന് കുളിക്കാമെന്ന് വിചാരിച്ചതാണ്. മൂഡ് പോയി' - എന്ന് ആവർത്തന പറയുന്നു. കുട്ടി ദേഹം ചൊറിയുന്നതായി അഭിനയിക്കുന്നതൊക്കെ ഇതിനിടയിൽ കാണാം.