singlehood

ഇന്ന് സമൂഹമാദ്ധ്യമങ്ങൾ തുറന്നാൽ സിംഗിൾ ലൈഫിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് എങ്കിലും നമ്മൾ കാണാറുണ്ട്. ഇത്തരത്തിലുള്ള സിംഗിൾ ലൈഫ് പോസ്റ്റുകളും മീമുകളും മറ്റും കൂടുതലും പങ്കുവയ്ക്കുന്നത് ഏറെ ആഘോഷിക്കപ്പെടുന്ന വിഭാഗമായ '90സ് കിഡ്‌സ്' ‌ ആണ് എന്നതാണ് കൂടുതൽ രസകരം. എന്നാൽ എന്തുകൊണ്ടായിരിക്കും ആളുകൾ തനിയെ ജീവിക്കാൻ ഇഷ്ടപ്പെടുന്നത്? ഏറെക്കാലം സിംഗിൾ ആയി ഇരിക്കുന്നത്?

കൂടുന്ന സിംഗിൾ ഹുഡ്

ലോകത്താകെയുള്ള കണക്കുകൾ പരിശോധിച്ചാൽ തന്നെ സിംഗിൾ ലൈഫ് നയിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി കാണാം. 1981ൽ സോളോ ജീവിതം നയിക്കുന്നവരുടെ എണ്ണം 1.7 ദശലക്ഷം ആയിരുന്നത് 2021ൽ എത്തിയപ്പോൾ 4.4 ദശലക്ഷമായി ഉയർന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലും സിംഗിൾ ജീവിതം നയിക്കുന്ന പുരുഷന്മാരുടെയും സ്‌ത്രീകളുടെയും എണ്ണം ദിനംപ്രതി കൂടുകയാണെന്ന് സർവേകൾ വ്യക്തമാക്കുന്നു.

2007ൽ അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം 51 ശതമാനമായിരുന്നത് കഴിഞ്ഞവർഷം എത്തിയപ്പോൾ 61 ശതമാനമായി ഉയർന്നുവെന്നാണ് ഒരു പഠനത്തിൽ പറയുന്നത്. അതേസമയം, ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 15നും 29നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ പുരുഷന്മാരുടെ എണ്ണം 2011ൽ 20.8 ശതമാനമായിരുന്നത് 2019 എത്തിയപ്പോൾ 26.1 ശതമാനമായി ഉയർന്നതായി വ്യക്തമാക്കുന്നു. അവിവാഹിതരായ സ്‌ത്രീകളുടെ എണ്ണം 2011ൽ 13.5ശതമാനമായിരുന്നത് 2019ൽ 19.9 ശതമാനമായി ഉയർന്നുവെന്നും ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിംഗിൾ ഹുഡിന്റെ കാരണങ്ങൾ

പല കാരണങ്ങൾകൊണ്ടാണ് ഇന്ന് ആളുകൾ സോളോ ജീവിതം തിരഞ്ഞെടുക്കുന്നത്. ചിലർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഇഷ്ടം, ചിലർ വിവാഹത്തിനും മുകളിൽ കരിയറിനും പാഷനും പ്രാധാന്യം നൽകുന്നു എന്നാൽ മറ്റുചിലർ ബന്ധങ്ങൾ തകർന്നതിന്റെ ഫലമായി ആയിരിക്കും ഇനിയങ്ങോട്ട് ഒറ്റയ്ക്ക് എന്ന തീരുമാനത്തിലെത്തുക. കൂടാതെ ഇന്നത്ത കാലത്ത് പ്രണയകാലം കഷ്ടപാടുകൾ നിറഞ്ഞതാണെന്നാണ് കുറേയധികം പേർ അഭിപ്രായപ്പെടുന്നത്. സ്ത്രീധന പീഡനങ്ങൾ. സ്ത്രീധന പീഡന ആത്മഹത്യകൾ, കൊലപാതകങ്ങൾ, പ്രണയം നിരസിക്കുന്നതുകൊണ്ടുള്ള കൊലപാതകങ്ങൾ എന്നിവയും വലിയൊരു വിഭാഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഇതിനൊപ്പം ചേർത്തുവയ്ക്കാവുന്ന ഒന്ന് കൂടിയുണ്ട്, അറ്റാച്ച്‌മെന്റ് ആൻസൈറ്റി അഥവാ അടുക്കാനുള്ള ആശങ്കയും ഉത്‌കണ്ഠയും.

ഗ്രിഫിത്ത് സർവകലാശാലയിൽ ക്ളിനിക്കൽ സൈക്കോളജിയിൽ അസോസിയേറ്റ് പ്രൊഫസറായ ക്രിസ്റ്റഫർ പെപ്പിംഗ്, ടൊറന്റോ സർവകലാശാലയിലെ സൈക്കോളജി പ്രൊഫസറായ ജോഫ് മക്‌ഡൊണാൾഡ്, ലാ ട്രോബ് സർവകലാശാലയിലെ ക്ളിനിക്കൽ സൈക്കോളജി ലക്‌ചററായ ടിം ക്രോണിൻ, സൈമൺ ഫ്രാസർ സർവകലാശാലയിലെ സൈക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ യുതിക ഗിർമെ എന്നിവർ ചേർന്ന് നടത്തിയ പഠനത്തിൽ അറ്റാച്ച്‌മെന്റ് ആംഗ്‌സൈറ്റിയെക്കുറിച്ച് വിശദീകരിക്കുന്നു.

അറ്റാച്ച്‌മെന്റ് തിയറി അഥവാ അടുക്കൽ സിദ്ധാന്തം

ഓരോരുത്തരുടെയും അറ്റാച്ച്‌മെന്റ് സ്റ്റൈൽ അഥവാ അടുക്കുന്നതിനുള്ള കഴിവ് വ്യത്യസ്‌തമായിരിക്കും. ഒരാൾ മറ്റുള്ളവരുമായി എങ്ങനെ ബന്ധം സ്ഥാപിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണമാണ് അറ്റാച്ച്‌മെന്റ് തിയറി. ഒരാളുടെ ഉത്‌കണ്ഠ, ഒഴിവാക്കാനുള്ള പ്രവണത എന്നിവയുടെ അടിസ്ഥാനത്തിലാണ് അറ്റാച്ച്‌മെന്റ് സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്. അറ്റാച്ച്‌മെന്റ് തിയറി രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധയൂന്നുന്നത്, അറ്റാച്ച്‌മെന്റ് ആംഗ്‌സൈറ്റി, അറ്റാച്ച്‌‌മെന്റ് അവോയിഡൻസ്.

അറ്റാച്ച്‌മെന്റ് ഉത്‌കണ്ഠ എന്നത് ഒരുതരം അരക്ഷിതാവസ്ഥയാണ്. ഒരു വ്യക്തിയെ ബന്ധങ്ങളെക്കുറിച്ച് ഉത്കണ്ഠാകുലനാക്കുകയും ഉപേക്ഷിക്കലിനെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അതേസമയം, മറ്റുള്ളവരുമായി അടുക്കുന്നത് ഭയപ്പെടുന്നവാണ് അറ്റാച്ച്‌മെന്റ് അവോയിഡൻസിൽ എത്തിച്ചേരുന്നത്. ബന്ധങ്ങളെ ഭയക്കുന്ന ഇത്തരക്കാർ മറ്റുള്ളവരുമായി അടുക്കാനുള്ള എല്ലാ അവസരങ്ങളും ഒഴിവാക്കുന്നു.

അറ്റാച്ച്‌മെന്റ് ആംഗ്‌സൈറ്റി, അറ്റാച്ച്‌‌മെന്റ് അവോയിഡൻസ് എന്നിവ കാര്യമായി ഇല്ലാത്തവരെ സെക്യുർലി അറ്റാച്ച്‌ഡ് വിഭാഗത്തിലാണ് കണക്കാക്കുന്നത്. ഇത്തരക്കാർ മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ അസ്വസ്ഥരാകുന്നില്ല. മാത്രമല്ല, അടുപ്പം നൽകാനും സ്വീകരിക്കാനും എവർ എപ്പോഴും തയ്യാറായിരിക്കും. ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ സിംഗിൾ ജീവിതം നയിക്കുന്നവരിൽ അടുക്കലിനുള്ള അരക്ഷിതാവസ്ഥ ഉയർന്ന തലത്തിലാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. സോളോ ജീവിതം നയിക്കുന്നവരിൽ നടത്തിയ പഠനത്തിൽ കണ്ടെത്താൻ സാധിച്ചത് ഇവരിൽ 78 ശതമാനം പേരും അരക്ഷിതാവസ്ഥയിൽ കഴിയുന്നവരാണെന്നാണ്, ബാക്കിയുള്ള 22 ശതമാനം പേർ സുരക്ഷിതത്വം അനുഭവിക്കുന്നുവെന്നും.

സിംഗിൾ ജീവിതം നയിക്കുന്നവരിൽ തന്നെ നാല് വിഭാഗങ്ങളുണ്ട്:

അവിവാഹിതരായിരിക്കുന്നതിൽ സന്തുഷ്ടരായിരിക്കുന്നവരാണ് സെക്യൂർ സിംഗിളുകൾ. ഇവർക്ക് പ്രണയേതര ബന്ധങ്ങൾ ധാരാളമായി ഉണ്ടായിരിക്കും. കുടുംബവുമായും സുഹൃത്തുക്കളുമായും മികച്ച ബന്ധം പുലർത്തുന്നവരായിരിക്കും ഇക്കൂട്ടർ. അവിവാഹിതരായിരിക്കുന്നതിൽ ഏറ്റവും കൂടുതൽ ആകുലപ്പെടുന്നവരാണ് ആംഗ്ഷ്യസ് സിംഗിളുകൾ. ആത്മാഭിമാനം കുറവുള്ളവരും മറ്റുള്ളവരുടെ പിന്തുണ വളരെ കുറഞ്ഞ അളവിൽ മാത്രം ലഭിക്കുന്നവരുമാണിവർ.

ഒരു പ്രണയ ബന്ധത്തിൽ ഏർപ്പെടുന്നതിൽ ഏറ്റവും കുറഞ്ഞ താൽപര്യം കാണിക്കുന്നവരാണ് അവോയിഡന്റ് സിംഗിളുകൾ. സിംഗിൾ ജീവിതത്തിൽ വളരെ സംതൃപ്തരായിരിക്കുന്ന ഇവർക്ക് കുറച്ച് സുഹൃത്തുക്കളും അടുത്ത ബന്ധങ്ങളും മാത്രമായിരിക്കും ഉള്ളത്. കൂടാതെ ഇക്കൂട്ടർ ബന്ധങ്ങളിൽ പൊതുവെ സംതൃപ്തരായിരിക്കുകയില്ല.

അടുത്ത ബന്ധങ്ങൾ നയിക്കുന്നതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരായിരിക്കും ഫിയർഫുൾ സിംഗിളുകൾ. വികാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് ഇവർക്ക് കുറവായിരിക്കും. മാത്രമല്ല, സുരക്ഷിതമായ സിംഗിളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ തങ്ങളുടെ അടുത്ത ബന്ധങ്ങളുടെ ഗുണനിലവാരത്തിൽ പോലും ഇവർ സംതൃപ്തരായിരിക്കുകയില്ല.