g-krishnakumar

കൊല്ലം: ഇത്തവണ കൊല്ലം മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് മറിയില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. കൊട്ടിക്കലാശത്തിന് ശേഷം ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിശബ്ദ പ്രചാരണത്തിനിടെ ഒരു മാദ്ധ്യമത്തോട് പ്രതികരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'വോട്ടുകളൊക്കെ മറിയുന്ന ഒരു കാലമുണ്ടോ എന്നുപോലും സംശയമാണ്. ആര് പറഞ്ഞിട്ടാണ് ആൾക്കാർ മറിക്കാൻ പോകുന്നത്. എനിക്ക് എന്റെ ഭാര്യയെപ്പോലും ഇൻഫ്ളൂവൻസ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. അവർ അവരുടെ ഇഷ്ടത്തിനേ വോട്ട് ചെയ്യൂ. അവർ ഏത് ബട്ടനിലാണ് അമർത്തുന്നതെന്ന് നമുക്ക് കാണാൻ സാധിക്കുമോ. എന്റെ രാഷ്ട്രീയ പരിചയക്കുറവ് കൊണ്ടാവാം ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്. അല്ലെങ്കിൽ വലിയ ഒരു സിറ്റുവേഷനുണ്ടാകണം. ഇക്കാലത്ത് എനിക്ക് തോന്നുന്നില്ല അങ്ങനെ മറിക്കലൊക്കെ സംഭവിക്കുമെന്ന്. അത് വെറുതെ പറഞ്ഞ് പറഞ്ഞ് പോകുന്നതാണ്. ഒരു സ്ഥാനാർത്ഥിക്ക് കിട്ടേണ്ട വോട്ട് ആ സ്ഥാനാർത്ഥിക്ക് കിട്ടും'- കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം, യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി മൂന്നാഴ്ച കഴിഞ്ഞാണ് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥിയായി സിനിമാതാരം കൂടിയായ ജി കൃഷ്ണകുമാറിനെ പ്രഖ്യാപിച്ചത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൃഷ്ണകുമാർ പ്രചാരണത്തിൽ ഇടത് വലതു മുന്നണികൾക്കൊപ്പം എത്തിയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. സിനിമാ താരങ്ങളായ മക്കളും കുടുംബവും കൊല്ലത്ത് പ്രചാരണത്തിന് എത്തിയത് കൃഷ്ണകുമാറിന് അനുകൂല ഘടകമാണെന്നാണ് കരുതുന്നത്.