
ഒറ്റപ്പാലം: നാളെ വിധിയെഴുത്തിന്റെ സുപ്രധാന ദിനമാണ്. ഒരു രാപ്പകലുകൾക്കപ്പുറം വോട്ടെടുപ്പ് നടക്കുമ്പോൾ ഇന്നലെ പകൽ നേരം പാലക്കാടൻ മണ്ണിലൂടെ ഷൊർണൂർ-കോയമ്പത്തൂർ മെമു ട്രെയിനിലും കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചറിലും നടത്തിയ ഒരു ട്രെയിൻ യാത്ര....
ഷൊർണൂർ ജംഗ്ക്ഷൻ നാലു ദിക്കിലേക്കും തീവണ്ടിപ്പാതകളുള്ള ഇവിടെ ഷൊർണൂർ -കോയമ്പത്തൂർ മെമു യാത്രക്കാരെ കാത്ത് കിടക്കുന്നു. സമയം ഉച്ഛതിരിഞ്ഞ് മൂന്ന് മണി. കാര്യമായ തിരക്കില്ലാതെ മെമു അൽപസമയത്തിനകം യാത്ര പുറപ്പെട്ടു. ഉച്ചവെയിലിൽ ഉരുക്ക് പാളങ്ങളിലൂടെ മെമു കുതിച്ചു.
ചൂടിന്റെ തീവ്രതയിൽ പലരും പാതിമയക്കത്തിൽ. ചിലർ ഫോണിൽ. വിഷയം പറഞ്ഞപ്പോൾ ഫോൺ മാറ്റി വെച്ച് ആദ്യം പ്രതികരിച്ചത് റിട്ട.ആർമി ഉദ്യോഗസ്ഥനും പാലക്കാട് ഒലവക്കോട് റെയിൽവേ കോളനിയിലെ താമസക്കാരനുമായ വാസുദേവനാണ്.
അദ്ദേഹം വ്യക്തമായി പറഞ്ഞു; ' ഞാൻ നാളെ വോട്ടു ചെയ്യും. പക്ഷേ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ജനപ്രതിനിധികളിലും മറ്റും വിശ്വാസം കുറഞ്ഞു വരുന്നു. ജനങ്ങളോടുള്ള വാക്കിലും പ്രവൃത്തികളിലും ഇവരുടെ ആത്മാർത്ഥത ബോധ്യപ്പെടുന്നില്ല. കാപട്യങ്ങൾ പലരിലും വ്യക്തം. '
'വന്ദേ ഭാരത് 'അടക്കം വികസന വിഷയമായി വാസുദേവനോട് ചോദിച്ചു. മറുപടി ഇപ്രകാരമായിരുന്നു. 'കാലം പല രംഗത്തും ഇത്തരം മാറ്റങ്ങളെ കൊണ്ടുവരും. അത് സ്വന്തം നേട്ടമായി ഭരണാധികാരികൾ അവകാശപ്പെടുന്നത് ഔചിത്യമല്ല. ഇത്തരം മാറ്റങ്ങൾക്കെതിരെ ഒരു ഭരണാധികാരി മുഖം തിരിച്ചാലും, കാലത്തിന്റെ അനിവാര്യതയായി അത് രാജ്യത്ത് കടന്ന് വരും. ഒരു കാലത്ത് കേരള എക്സ്പ്രസ് ട്രെയിൻ കൗതുകവും, പുതുമയുടെ പ്രതീകവുമായിരുന്നു. '
പാലക്കാട് കോച്ച് ഫാക്ടറി ? അത് അപ്രായോഗികമാണ്. പ്രായോഗികമല്ലാത്ത ഒരു കാര്യം പറഞ്ഞ് പാലക്കാടിനെ ആരൊക്കെയോ പറ്റിച്ചൂ എന്ന് പറയാം.' വാസുദേവന്റെ സംസാരത്തിലേക്ക് ഒട്ടും മടിക്കാതെ കയറി വന്നത് സമീപത്തിരുന്ന കോങ്ങാട് സ്വദേശി ബാലചന്ദ്രനാണ്. പഴയ കർഷകനാണ്. ഇപ്പോൾ ചെറിയ ബിസിനസ്. കാർഷിക കടങ്ങൾ എഴുതിതളി ചെറുകിടഇടത്തരം കർഷകരെ രക്ഷിക്കാൻ പാർട്ടികൾക്ക് പദ്ധതി വേണം. കർഷകരെ മനസിലാക്കാൻ എം.പി.മാർക്കും കഴിയണം. വികസന പദ്ധതികളുടെ പിതൃ തർക്കം അപഹാസ്യമായ നിലയിലായി. വികസന പദ്ധതികളുടെ ശിലാഫലകങ്ങളിൽ എം.പി, എം.എൽ.എ എന്നിവരുടെ പേര് ഒഴിവാക്കണം. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണെന്ന ബഹുമാനം ജനങ്ങളോട് തിരിച്ച് കാണിക്കണം.' ട്രെയിനിലേക്ക് വീശുന്ന ചൂട് കാറ്റിലേക്ക് തിരഞ്ഞെടുപ്പ് ചൂട് കലർത്തി വാസുദേവനും, ബാലചന്ദ്രനും ചർച്ച ചൂടാക്കി. പലതും കേൾവിക്കാരും ശരിവെച്ചു.
പാലക്കാട് ആര് ജയിക്കും? എന്ന ചോദ്യത്തോട് പ്രവചിക്കാൻ മടിച്ച് ഇരുവരും അർത്ഥവത്തായ മൗനം പാലിച്ചു.
പിന്നെ ഇരുവരും ഇങ്ങിനെ കൂട്ടിച്ചേർത്തു. ' പാലക്കാട് പാർട്ടിക്കാര് നല്ല മത്സര ചൂടുണ്ടാക്കിയിട്ടുണ്ട്. പക്ഷേ പൊതുജനങ്ങൾക്ക് വലിയ ആവേശമോ, താത്പര്യമോ പ്രകടമല്ല. തിരഞ്ഞെടുപ്പൊക്കെ പാർട്ടികളും, സ്ഥാനാർത്ഥികളും വാഗ്ദാനങ്ങളുടെ മാമാങ്കമാക്കി മാറ്റുന്നതിന്റെ പരിണതഫലമാണിത്. ' ഇതിനിടെ മെമു ഒറ്റപ്പാലവും, ലക്കിടിയും പിന്നിട്ടു.
കന്നിവോടുകാരനായ വാടാനാം കുറുശ്ശി സ്വദേശി പ്രഹ്ളാദും നിലപാട് വ്യക്തമാക്കി. ആദ്യ വോട്ടു ചെയ്യും. വീടുകാർക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. പക്ഷേ എനിക്ക് ഇതുവരെ ആര്? എന്നതിന് വ്യക്തത വന്നിട്ടില്ല.
ഐ.ടി.ഐ.കഴിഞ്ഞു. നാട് വിടാനാണ് തീരുമാനമെന്നും പ്രഹ്ളാദ് പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ യുവാക്കൾക്ക് പരിഗണന കൂട്ടണമെന്നും പ്രഹ്ളാദ് പറഞ്ഞു.
പാലക്കാട് സ്വദേശിയും പ്രവാസിയുമായ ശശികുമാർ ഗൾഫിൽ നിന്ന് മുംബൈ വഴി നാട്ടിലേക്ക് വരുന്ന വഴിയാണ്. ഇലക്ഷനിൽ വോട്ട് ചെയ്യാനുള്ള താത്പര്യത്തിൽ വരികയാണ്. 'ദീർഘദൂര ട്രെയിൻ ടിക്കറ്റ് ചാർജ്ജ് കുറയ്ക്കാൻ നടപടി വേണമെന്ന് ശശികുമാർ പറയുന്നു. തിരഞ്ഞെടുപ്പിലെ ജാതി മതം ദുരുപയോഗം പ്രവാസ ലോകത്ത് പോലും ചർച്ച ചെയ്യപ്പെടുന്ന ദുരവസ്ഥ ഒഴിവാക്കണം. മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ ഏവർക്കും കഴിയണം.
'പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത ചില സ്ത്രീ യാത്രക്കാരും, വോട്ടവകാശമുള്ള വിദ്യാർത്ഥികളും പ്രതികരിക്കാൻ തയ്യാറായി. 'തിരഞ്ഞെടുപ്പിലെ സ്ത്രീ പരിഗണന തൃപ്തികരമല്ല. ഇതിന് ഗൗരവ പ്രധാനമായ പരിഗണന വേണം.' അവർ പറഞ്ഞു.
ഉത്സവങ്ങൾ മുതൽ വെടിക്കെട് വരെ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും എന്നാണ് ചില യാത്രക്കാരുടെ അഭിപ്രായം ആലത്തൂരിൽ വെടിക്കെട്ട് പ്രശ്നം 20 ശതമാനത്തിലേറെ വോട്ടിനെ ഗൗരവമായി ബാധിക്കും എന്ന് പറഞ്ഞ് ആ മണ്ഡലത്തിലെ യുവ വോട്ടറായ തിരുവില്വാമലക്കാരൻ പാലക്കാടിറങ്ങി.
നാല് മിനിറ്റിന്റെ പാലക്കാട്ടെ വിശ്രമത്തിന് ശേഷം മെമു കോയമ്പത്തൂരിലേക്ക്. തമിഴക രാഷ്ട്രീയ മണ്ഡലത്തിലേക്ക് ചൂളം വിളിച്ച്. വൈകീട്ട് 5.40 ന് കോയമ്പത്തൂർ ഷൊർണൂർ പാസഞ്ചർ വന്നെത്തി. തിരക്കേറിയ കമ്പാർട്ട്‌മെന്റിൽ തമിഴ് നാട്ടുകാരും ധാരാളം. മെമുവിന് സമാനമായ ചെറിയ തിരഞ്ഞെടുപ്പ് ചർച്ച പല യാത്രക്കാർ, പല മണ്ഡലക്കാർ.