swmi

കൊൽക്കത്ത: രാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും 17-ാമത് അദ്ധ്യക്ഷനായി സ്വാമി ഗൗതമാനന്ദ മഹരാജ് ചുമതലയേറ്റു. മാർച്ച് 26ന് അന്തരിച്ച മിഷന്റെ സ്വാമി സ്‌മരണാന്ദ മഹരാജിന്റെ പിൻഗാമിയായാണ് സ്വാമി ഗൗതമാനന്ദയെ ബുധനാഴ്ച ബേലൂർ മഠത്തിൽ നടന്ന ട്രസ്റ്റി ബോർഡ് തിരഞ്ഞെടുത്തത്.

1929ൽ ബംഗളൂരുവിലാണ് സ്വാമി ഗൗതമാനന്ദയുടെ ജനനം. പൂർവികരെല്ലാം തമിഴ്നാട്ടുകാരാണ്. ചെറുപ്പത്തിൽ സ്വാമി യതീശ്വരാനന്ദ മഹരാജുമായുണ്ടായ കൂടിക്കാഴ്ച രാമകൃഷ്ണ മഠവുമായി അടുപ്പിച്ചു. 1955ൽ സ്വാമി യതീശ്വരാനന്ദയിൽനിന്ന് മന്ത്രദീക്ഷ സ്വീകരിച്ചു. ഡൽഹിയിലെ രാമകൃഷ്ണ മിഷന്റെ ശാഖയിൽ പ്രവർത്തനമാരംഭിച്ചു. ആറുവർഷം അവിടെ തുടർന്നു.

1962ൽ സ്വാമി വിശുദ്ധാനന്ദയിൽനിന്ന് ബ്രഹ്മചര്യവ്രത ഉപദേശം നേടി. 1966ൽ സ്വാമി വീരേശ്വരാനന്ദയിൽ നിന്ന് സന്ന്യാസം സ്വീകരിച്ചു.

ചിറാപുഞ്ചി, മുംബയ്, അരുണാചൽ പ്രദേശിലെ അലോങ് എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. 1990ൽ രാമകൃഷ്ണമഠത്തിന്റെ ട്രസ്റ്റിയും ഗവേണിങ് ബോഡി അംഗവുമായി. റായ്പുർ, നരൈൻപുർ ആശ്രമങ്ങളിലെ മഠാധിപതിയായി.

1995ൽ ചെന്നൈ മഠാധിപതി. 2017ൽ ഉപാദ്ധ്യക്ഷൻ. സ്വാമി വിവേകാനന്ദൻ പ്രചരിപ്പിച്ച മനുഷ്യസേവനത്തിന്റെ പാഠങ്ങൾ പിന്തുടർന്ന് രാജ്യമെമ്പാടും സഞ്ചരിച്ച് സേവനം നടത്തി.