
എഴുകോൺ: പള്ളിമൺ പുലിയില ചരുവിള വീട്ടിൽ ആകാശിനെ (അക്കു -20) വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ. അഞ്ചൽ വടമൺ തോയിത്തല പ്രകാശ് വിലാസത്തിൽ അനീഷ്‌കുമാർ (28), തൃക്കോവിൽവട്ടം ചേരിക്കോണം കൃഷ്ണകൃപയിൽ പ്രവീൺ (29) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. മൂന്നാം പ്രതി പള്ളിമൺ മജിസ്ട്രേറ്റ് മുക്ക് വിചിത്രാലയത്തിൽ വിജിത്ത് രാജുനെ (32) തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. നാലാം പ്രതി വാളക്കോട് പ്ലാച്ചേരി ഗീതുനിവാസിൽ സതീഷ് ബാബു (59) വിചാരണയ്ക്കിടെ മരിച്ചിരുന്നു.
കൊട്ടാരക്കര പട്ടികജാതി വർഗ്ഗ (അതിക്രമം തടയൽ) പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജി ആർ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2018 ജനുവരി 2 ന് വൈകിട്ട് 6 ന് പള്ളിമൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തായിരുന്നു സംഭവം. നെടുമ്പന പഞ്ചായത്തിലെ പള്ളിമണിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ ഗ്യാസ് വിതരണ ഏജൻസിയിലെ ജീവനക്കാരായിരുന്നു ഒന്നു മുതൽ മൂന്ന് വരെയുള്ള പ്രതികൾ. നാലാം പ്രതി ഏജൻസി ഉടമയായിരുന്നു. സംഭവത്തിന് മുൻപ് ആകാശും പ്രതികളും തമ്മിൽ ഗ്യാസ് ഏജൻസിക്ക് മുന്നിൽ വച്ച് വാക്കേറ്റവും സംഘർഷവും നടന്നിരുന്നു. ഏജൻസി ഓഫീസിലെ ഗ്ലാസുകളും വാഹനത്തിന്റെ ചില്ലുകളും തകർത്ത ശേഷം കാൽനടയായി മടങ്ങിപ്പോയ ആകാശിനെ പിക്കപ്പ് വാനിൽ പിന്നാലെയെത്തി ഇടിച്ചു വീഴ്ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി.എസ്.സന്തോഷ് കുമാർ ഹാജരായി.