കൊച്ചി: പട്ടാപ്പകൽ കൊച്ചി നഗരമദ്ധ്യത്തിലെ വ്യവസായിയുടെ വീട് കുത്തിത്തുറന്ന് 100 പവന്റെ സ്വർണ - വജ്രാഭരണങ്ങൾ കൊള്ളയടിച്ച കേസ് പൊലീസ് പൊടിതട്ടിയെടുക്കുന്നു. സംവിധായകൻ ജോഷിയുടെ വീട്ടിലെ മോഷണത്തിന്റെ പശ്ചാത്തലത്തിലാണ് 2022 ഏപ്രിൽ ഒന്നിലെ കേസ് വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്. ജോഷിയുടെ വീട്ടിലെ കൊള്ളയ്ക്ക് അറസ്റ്റിലായ 'ബീഹാർ റോബിൻഹുഡ്" എന്ന മുഹമ്മദ് ഇർഫാന്റെ മോഷണരീതിയുമായി വ്യവസായിയുടെ വീട്ടിലെ കൊള്ളയ്ക്കും സാമ്യമുള്ളതായി പൊലീസ് വിലയിരുത്തുന്നു.
ഇർഫാനെ ഇതുസംബന്ധിച്ച് എറണാകുളം സെൻട്രൽ പൊലീസ് ചോദ്യം ചെയ്യും. 2022ൽ കൊച്ചിയിൽ തുടർച്ചയായി ഒമ്പത് മോഷണങ്ങൾ നടന്ന ഏപ്രിൽ-മേയ് മാസത്തിലായിരുന്നു സരിതാ തിയേറ്ററിന് സമീപത്തെ വ്യവസായിയുടെ വീട്ടിലെ കവർച്ച. എട്ട് സംഭവങ്ങളിലും പ്രതിയെ പിടികൂടിയെങ്കിലും ഈകേസിൽ മാത്രം പൊലീസ് മുട്ടുമടക്കി. 90 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളാണ് കവർന്നത്. ആസമയം അറസ്റ്റിലായ ഉത്തരേന്ത്യൻ കവർച്ചാ സംഘത്തെ സംശയിച്ചെങ്കിലും അവർക്ക് പങ്കില്ലെന്ന് വ്യക്തമായിരുന്നു.
ഒടുവിലാണ് അജ്ഞാതനിലേക്ക് സൂചന നൽകുന്ന സി.സി.ടി.വി ദൃശ്യം കിട്ടിയത്. ഇരുനില വീടിന്റെ പുറത്തെ കോണിപ്പടികയറി മുകൾ നിലയിലെത്തിയ മോഷ്ടാവ് ചില്ല് വിദഗ്ദ്ധമായി പൊട്ടിച്ച് അകത്തു കടന്ന് രണ്ട് മുറികളിലെ അലമാരയിലെ ആഭരണങ്ങൾ കൊള്ളയടിച്ചു. മുകൾ നിലയിൽ താമസിച്ചിരുന്ന വ്യവസായിയുടെ മക്കൾ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. താഴെ പ്രായമായ മാതാപിതാക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമീപത്തെ സി.സി ടി.വികൾ അരിച്ച് പൊറുക്കിയെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. മറ്റൊരു സി.സി ടിവിയിൽ നിന്നാണ് സംശയാസ്പദമായ ദൃശ്യം ലഭിച്ചത്.
തൊപ്പിക്കാരൻ
30-35 വയസ്, മെലിഞ്ഞ ശരീരം, തൊപ്പിവച്ചയാൾ, കടന്നത് ഓട്ടോയിൽ. അജ്ഞാത മോഷ്ടാവിനെക്കുറിച്ച് പൊലീസിന് ലഭിച്ച തുമ്പുകളാണിത്. സരിതാ തിയേറ്രതിന് സമീപത്ത് നിന്നാണ് കള്ളൻ ഓട്ടോയിൽ കയറിയത്. എറണാകുളത്തെ റെയിൽവെ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓട്ടോയും കണ്ടെത്താനായില്ല. ജോഷിയുടെ വീട്ടിലെ കവർച്ചയ്ക്കിടെ ഇർഫാൻ തൊപ്പിവച്ചിരുന്നു. പ്രായവും സമാനമാണ്. ഇർഫാൻ രാത്രി മാത്രമേ കവർച്ച ചെയ്യൂവെന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.