k

കേരളമെന്നതിനൊപ്പം വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ ഹരിതം ചേർത്തുവിടുന്നത് നമ്മുടെയൊരു ശീലമായിക്കഴിഞ്ഞു. പഴയ 'ഹരിതചാരുത"യൊന്നും ദൈവത്തിന്റെ സ്വന്തം ദേശത്തിന് ഇപ്പോഴില്ലെന്ന് നമ്മൾ സമ്മതിച്ചില്ലെങ്കിലും,​ പഴയ അവകാശവാദം ഇവിടെയെത്തുന്ന വിദേശ വിനോദസഞ്ചാരികൾ സമ്മതിച്ചുതരില്ല. ഈ ഹരിതം വെറുമൊരു നിറമല്ല; അത് സസ്യപ്രകൃതിയിലെ പലജാതി ആവാസ വ്യവസ്ഥകളുടെ ശ്യാമസങ്കലനം കൂടിയാണ്. കേരസമൃദ്ധിയുടെയും വനവിസ്തൃതിയുടെയും സസ്യവൈവിദ്ധ്യങ്ങളുടെയും പേരിൽ അഹങ്കാരംകൊള്ളുകയും,​ അന്തരീക്ഷവായുവിലുള്ള അമിതവിശ്വാസത്തോടെ ആഞ്ഞു ശ്വസിക്കുകയും ചെയ്യുന്ന മലയാളികൾക്കായി ആയിരം പച്ചത്തുരുത്തുകൾ ഒരുക്കുകയാണ് സംസ്ഥാന സർക്കാരിനു കീഴിലെ ഹരിത കേരള മിഷൻ! ലക്ഷ്യം ലളിതമാണ്: ശുദ്ധവായു!

2800 പച്ചത്തുരുത്തുകളുണ്ടായിരുന്ന സംസ്ഥാനത്ത് അവയുടെ എണ്ണം 2324 ആയി ചുരുങ്ങിയെന്നാണ് കണക്ക്. ജലക്ഷാമവും കാലാവസ്ഥാ വ്യതിയാനവും മുതൽ അനധികൃത കയ്യേറ്രം വരെ കാരണങ്ങൾ പലതാണെങ്കിലും അനന്തരഫലം ഒന്നുതന്നെ: മലയാളിക്ക് ശ്വസിക്കാൻ നല്ല വായു കിട്ടാനില്ല! വനനശീകരണം വർദ്ധിക്കുകയും വനവിസ്തൃതി കുറഞ്ഞുവരികയും ചെയ്യുന്നതിന്റെ കണക്കുകൾ നമുക്ക് മന:പാഠമാണെങ്കിലും,​ കണ്ടൽക്കാടുകളും കാവുകളും ചതുപ്പുനിലങ്ങളുമൊക്കെക്കൂടി ഉൾപ്പെടുന്ന സസ്യപ്രകൃതിജാലത്തിനു സംഭവിക്കുന്ന നാശം നമ്മുടെ കണക്കുകളിൽ അത്രവേഗം തെളിയില്ല! മറ്റൊരിടത്തും നിലനില്ക്കാനാകാത്ത നൂറുകണക്കിന് അപൂർവ സസ്യ,​ ജീവിജാലങ്ങളുടെ സവിശേഷമായ ആവാസവ്യസ്ഥയാണ് ഇവയോരോന്നും എന്ന സത്യവും നമ്മൾ ഓർക്കാറില്ല. അത്തരം കാവുകളുടെയും കണ്ടൽവനങ്ങളുടെയും സംരക്ഷണം കൂടി ലക്ഷ്യമിട്ടാണ് ഹരിത കേരള മിഷൻ ഒരുവർഷംകൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി.

ഓരോ ജില്ലയിലും ബാക്കിയുള്ള പച്ചത്തുരുത്തുകൾ വ്യാപിപ്പിച്ച് അഞ്ച് മാതൃകാ പച്ചത്തുരുത്തുകൾ സൃഷ്ടിക്കാനും മിഷന് ഉദ്ദേശ്യമുണ്ട്. ചെറിയ വനമെന്ന രീതിയിൽ ഈ തുരുത്തുകൾ ജനങ്ങൾക്ക് വിനോദത്തിനും വിജ്ഞാനത്തിനുമുള്ള ഇടങ്ങളാക്കുകയും,​ മരങ്ങളിൽ അവയുടെ മലയാളനാമവും ശാസ്ത്രീയനാമവും വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുകയും,​ വിദ്യാർത്ഥികൾക്ക് പഠനത്തിന് അവസരമൊരുക്കുകയുമൊക്കെ പദ്ധതിയുടെ ലക്ഷ്യങ്ങളായുണ്ട്. എല്ലാ ചൂഷണങ്ങളെയും മറികടന്ന് ബാക്കിനിൽക്കുന്ന പച്ചത്തുരുത്തുകളെ സംരക്ഷിക്കേണ്ടതു തന്നെയെങ്കിലും,​ അവയെ വിനോദത്തിനും ഉല്ലാസത്തിനുമുള്ള ഇടങ്ങളാക്കുന്നത് വിപരീതഫലമേ സൃഷ്ടിക്കൂ. കാടുകളോ കാവുകളോ കണ്ടൽവനങ്ങളോ കൃത്രിമമായി വച്ചുപിടിപ്പിച്ച് വളർത്താവുന്നവയല്ലെന്ന പ്രാഥമിക പ്രകൃതിപാഠം നമ്മൾ തിരിച്ചറിയണം. മനുഷ്യരുടെ നിലനില്പിനു തന്നെ ആധാരമായ പ്രകൃതിയുടെ ഹരിതശാലകൾ പ്രദർശനശാലകളാക്കാനുള്ളതുമല്ല.

റെയിൽവേ ലൈനുകളുടെ വികസനത്തിനായി കണ്ടൽക്കാടുകൾ വെട്ടിയതിനു പകരം തെക്കൻ ജില്ലകളിൽ ഏഴര ഏക്കറിൽ കണ്ടൽക്കാടുകൾ വളർത്തുമത്രേ! കൊല്ലത്ത് ചവറ കെ.എം.എം.എല്ലിന്റെ കൈവശമുള്ള 25 ഏക്കറിൽ പച്ചത്തുരുത്തുകൾ നിർമ്മിക്കാനുമുണ്ട്,​ പദ്ധതി. ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ദേവഹരിതം എന്ന പേരിലാണ് പച്ചത്തുരുത്തുകളുടെ നിർമ്മാണം. പുതുതായി വനവും കണ്ടൽക്കാടുകളും കാവുകളുമൊന്നും നമുക്ക് സൃഷ്ടിച്ച് പരിപാലിച്ചെടുക്കുവാനോ,​ അവിടെയെല്ലാം സ്വാഭാവികമായ ജൈവ ആവാസവ്യവസ്ഥകൾക്ക് ഇടമൊരുക്കുവാനോ സാദ്ധ്യമല്ലെങ്കിലും,​ മരങ്ങളും ചെടികളും നടാം. പദ്ധതിയും പേരും ഉദ്ദേശ്യവുമെല്ലാം നല്ലത്. പക്ഷേ,​ ഇപ്പറഞ്ഞ ഒരിടവും മനുഷ്യഗന്ധം പോലുമേൽക്കാത്ത പൂർണ സംരക്ഷിത പ്രദേശമായി സൂക്ഷിക്കുകയാണ് വേണ്ടത്. പ്രകൃതിയോടും മനുഷ്യരുടെ ഭാവിയോടുമുള്ള ഏറ്റവും വലിയ ഹരിതനീതിയായിരിക്കും അത്. അത്രയെങ്കിലും ചെയ്തുവച്ചില്ലെങ്കിൽ ശുദ്ധവായുവിനായിപ്പോലും നാളെ നമുക്ക് കൃത്രിമ മാർഗങ്ങൾ തേടിപ്പോകേണ്ടിവരും!