d

പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രിയിൽ മോഷണശ്രമത്തിനിടെ സഹോദരികളായ രണ്ട് തമിഴ് സ്ത്രീകളെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര വിനോബച്ചിലഗർ സിന്താമണിയിൽ അയ്യപ്പന്റെ മക്കളായ സെൽവി (40), മീര (33) എന്നിവരെയാണ് ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം പൊലീസിന് പിടികൂടാൻ സാധിച്ചത്.

ആശുപത്രിയിലേക്ക് വരുന്ന കുട്ടികളുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർ ഇവരെ ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സിസിടിവി പരിശോധിച്ചതിൽ സ്ത്രീകൾ മാല പൊട്ടിക്കാൻ ശ്രമം നടത്തുന്നതായി കണ്ടതിനെ തുടർന്ന് മോഷണശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ പ്രതികൾ മുമ്പും സമാനമായ രീതിയിൽ മോഷണം നടത്തിയതായി തെളിഞ്ഞതായി പെരിന്തൽമണ്ണ എസ്.എച്ച്.ഒ കിരൺ അറിയിച്ചു. തമിഴ്‌നാട്ടിൽ നിന്നും കൂട്ടമായി വരുന്ന ഇവർ വിവിധ ഇടങ്ങളിൽ തമ്പടിച്ച് മോഷണം നടത്തി മടങ്ങുകയാണ് പതിവ്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.