
പാട്ന: ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയ്ക്കെതിരെ ഗുരുതര ആരോപണവുമായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. കഴിഞ്ഞ ദിവസം നദ്ദ ബീഹാറിൽ പലയിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയിരുന്നു. ഇവിടങ്ങളിലെല്ലാം പണം നിറച്ച അഞ്ചു ബാഗുകളുമായാണ് അദ്ദേഹം എത്തിയതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് നടക്കുന്നിടത്ത് ഈ ബാഗുകൾ വിതരണം ചെയ്തെന്നും തേജസ്വി ആരോപിച്ചു. അന്വേഷണ സംഘങ്ങളുടെ പിന്തുണയോടെയാണ് നദ്ദ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്. ഇവ പരിശോധിക്കണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. ബീഹാറിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം ബി.ജെ.പി നേതൃത്വം സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.