
ദോഹ : പരിശീലനത്തിനിടെ കാൽമുട്ടിനേറ്റ പരിക്കിന് മലയാളി ലോംഗ്ജമ്പ് താരം എം. ശ്രീശങ്കറിന്റെ ശസ്ത്രക്രിയ പൂർത്തിയായി. ഫ്രഞ്ച് ഡോക്ടർ ബ്രൂണോ ഒലോറിയുടെ നേതൃത്വത്തിൽ ഖത്തറിലെ ദോഹയിലായിരുന്നു ശസ്ത്രക്രിയ. അധികം വൈകാതെ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വിവരം. ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാഡമിയിലായിരിക്കും തുടർന്നുള്ള ചികിത്സയും പരിശീലനവും. ശസ്ത്രക്രിയ കഴിഞ്ഞ് 18 മണിക്കൂറിന് ശേഷം ശ്രീശങ്കർ ഉൗന്നുവടികളിൽ നടക്കുന്ന വീഡിയോ ജെ.എസ്.ഡബ്ല്യു. പുറത്തുവിട്ടിട്ടുണ്ട്.
ഡയമണ്ട് ലീഗ് മീറ്റുകളും ഒളിമ്പിക്സും ലക്ഷ്യമിട്ട് പരിശീലനം നടത്തവേ കഴിഞ്ഞയാഴ്ചയാണ് ശ്രീശങ്കറിന് പരിക്കേറ്റത്. ഇതോടെ പാരീസ് ഒളിമ്പിക്‌സിൽനിന്ന് പിന്മാറുകയാണെന്ന് താരം അറിയിച്ചിരുന്നു. കഴിഞ്ഞവർഷം ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ 8.37 മീറ്റർചാടിയാണ് ശ്രീശങ്കർ ഒളിമ്പിക് യോഗ്യത ഉറപ്പിച്ചിരുന്നത്.
പരിക്കിൽനിന്ന് വൈകാതെ തിരിച്ചുവരുമെന്ന് ശ്രീശങ്കർ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.