
പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലുള്ള നോമ്പിക്കോട് ഭഗവതി പൊറ്റയിൽ നിന്ന് വീരക്കല്ല് വിഭാഗത്തിൽപ്പെടുന്ന ആനകുത്തി കല്ല് കണ്ടെത്തി. എഴുത്തുകാരനും ചരിത്രാന്വേഷകനുമായ സായിനാഥ് മേനോനാണ് തന്റെ യാത്രയ‌്ക്കിടയിൽ വീരക്കല്ല് കണ്ടെത്തിയ കാര്യം കുറിച്ചത്. സംഘകാലം മുതലേ ദക്ഷിണേന്ത്യയിൽ വീരാരാധനയുടെയും , പൂർവികാരാധനയുടെയും ഭാഗമായി, യുദ്ധത്തിലോ, കാട്ടുമൃഗങ്ങളുമായി ഉള്ള പോരാട്ടത്തിലോ വീരമൃത്യു വരിച്ചവർക്ക് വേണ്ടി ആരാധിച്ചുവന്ന കല്ലാണ് വീരക്കല്ല് എന്ന പേരിൽ അറിയപ്പെടുന്നത്.
സായിനാഥിന്റെ വാക്കുകൾ
ഏകദേശം രണ്ടാഴ്ച മുന്നേ ഒരു ഞായറാഴ്ച പൈതൃക കാഴ്ചകൾ തേടിയുള്ള എന്റെ യാത്രയിലാണ് ആദ്യമായി ഈ ആനകുത്തി കല്ല് കാണാൻ ഇടയായത്. കാട്ടാനയുമായി പോരാടി മരിച്ച വീരന്റെ സ്‌മരണയ്ക്ക് വച്ചതാണ് ഇത്. സംഘകാലം മുതലേ ദക്ഷിണേന്ത്യയിൽ വീരാരാധനയുടെയും, പൂർവികാരാധനയുടെയും ഭാഗമായി, യുദ്ധത്തിലോ, കാട്ടു മൃഗങ്ങളുമായി ഉള്ള പോരാട്ടത്തിലോ,എല്ലാം വീരമൃത്യു വരിച്ചവർക്ക് വേണ്ടി ഇത്തരം വീരക്കല്ലുകൾ വയ്ച്ച് ആരാധിച്ചു വരുന്ന പതിവുണ്ടായിരുന്നു.യുദ്ധത്തിൽ മരിച്ചു കഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും മരിച്ച ആളിന്റെ രൂപവും കൊത്തി വച്ച ശിൽപ്പമാണ് വയ്ക്കുക.മൃഗങ്ങളുടെ കൂടെ പോരാടി മരിച്ച് കഴിഞ്ഞാൽ, ആ മൃഗത്തിന്റെയും, മരിച്ച വീരൻ പോരാടുന്ന രൂപവും കൂടി കല്ലിൽ ആലേഖനം ചെയ്യും. ചില വീരക്കല്ലുകളിൽ ലിഖിതങ്ങളും കാണാൻ സാധിക്കും. പുലിയുമായി പോരാടി മരിച്ച ഒരു വീരന്റെ പുലി കുത്തി കല്ല് കൊല്ലങ്കോട് വച്ച് കണ്ടിട്ടുണ്ട്.അട്ടപ്പാടി ഭാഗത്ത് വച്ചും ധാരാളം വീരക്കല്ലുകൾ കണ്ടിട്ടുണ്ട് എങ്കിലും ആദ്യമായിട്ടാണ് പാലക്കാട് ജില്ലയിൽ നിന്ന് ആന കുത്തി കല്ല് കാണുന്നത്.ഇത്തരത്തിൽ ഉള്ള രണ്ട് വീരക്കല്ലുകളിൽ ഒന്ന് പൊള്ളാച്ചി ആന മലയിലും,കിണത്ത് കടവിലും ആണ് ഞാൻ കണ്ടിട്ടുള്ളത്.
കന്നടിയൻ സമുദായത്തിലെ ഒരു പൂർവികന്റെ ഓർമ്മയ്ക്ക് വേണ്ടി വച്ചിട്ടുള്ളതാണ് ഈ ആന കുത്തി കല്ല്. നോമ്പിക്കോട് ഭാഗത്ത് ഇന്ന് അമ്പതോളം കന്നടിയൻ കുടുംബം താമസമുണ്ട്..ഏകദേശം ഒരു നാനൂറു കൊല്ലം മുന്നേ മൈസൂരിൽ നിന്ന് പാലക്കാട്ടേക്ക് കുടിയേറിയതാണ് ഇവർ. പാലക്കാട്ടേക്ക് എത്തിയ ഇവിടുത്തെ പൂർവികർ, നോമ്പിക്കോട് താമസിക്കാൻ തീരുമാനിക്കുകയും, അതിൻപ്രകാരം ദേശത്തെ നാടു വാഴിയായിരുന്ന വടശ്ശേരി മന്നാടിയാരിൽ നിന്ന് പിടിപ്പത് പൊൻ പണം കൊടുത്ത് അവർ ഇന്ന് താമസിക്കുന്ന ഭൂമി വാങ്ങുകയും ചെയ്തു എന്നാണ് കന്നടിയൻ സമുദായത്തിലെ ഇപ്പോഴത്തെ മുതിർന്ന അംഗമായ കൃഷ്ണ മൂർത്തി അവർകളിൽ നിന്ന് അറിയാൻ സാധിച്ചത്.ആദ്യ കാലത്ത് കൊട്ടെണ്ണ നിർമിച്ച് വിൽപ്പനയും,പിന്നീട് പാലുത്പന്നങ്ങളുടെ വ്യാപാരവും ആയിരുന്നു ഇവിടത്തെ പൂർവികരുടെ കാല ജീവിത മാർഗം.ഇന്ന് രാജ്യത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകൾ ഇവിടെയുണ്ട്.പാലക്കാട്ടേക്ക് ഉള്ള കന്നടിയൻ സമുദായത്തിന്റെ കുടിയേറ്റത്തെ കുറിച്ച് പറയാൻ കഴിയുന്ന ഒരു ചരിത്ര തെളിവ് കൂടിയാണ് ഈ ആനകുത്തി കല്ല് എന്ന് നമ്മൾ എടുത്ത് പറയണം.
പതിനേഴാം നൂറ്റാണ്ടിലേതാണ് ഈ ആനകുത്തി കല്ല് എന്നാണ് ,വീരക്കല്ലുകളെ കുറിച്ച് ഗവേഷണം നടത്തുന്ന തമിഴ് നാട്ടിലെ ചരിത്രകാരനായ പല്ലടം പൊന്നു സ്വാമിയുടെ അഭിപ്രായം.അദ്ദേഹം ഇവിടം സന്ദർശിക്കുകയും ചെയ്തിരുന്നു.75 സെന്റി മീറ്റർ വീതിയും,നൂറു സെന്റി മീറ്റർ നീളവും ആനകുത്തി കല്ലിനുണ്ട്.വലത്തെ കയ്യിൽ കഠാര പോലെ ഒരു ആയുധം ഉയർത്തി പിടിച്ച്,ഇടത്തേ കൈ ഇടുപ്പിൽ വച്ച്, കാതിൽ കടുക്കൻ അണിഞ്ഞ്, തലപ്പാവ് എല്ലാം ധരിച്ച് കൊണ്ട് വീരൻ ആനയുമായി പോരാടുന്ന ഒരു ഭംഗിയുള്ള ശിൽപ്പമാണ് ഇവിടുത്തേത്.ഇതിൽ നിന്ന് അന്നത്തെ കാലത്ത് കന്നടിയൻ സമുദായത്തിലെ അംഗങ്ങളുടെ ഇടയിൽ ഉണ്ടായിരുന്ന വസ്ത്ര ധാരണ ശൈലി മനസിലാക്കാനും സാധിക്കും.കാലത്തിന്റെ കുത്തൊഴുക്കിൽ ചെറിയ പരിക്കുകൾ ഈ ആനകുത്തി കല്ലിനു സംഭവിച്ചിട്ടുണ്ട്.
കന്നടിയൻ സമുദായത്തിലെ പരേതനായ ശ്രീ സുബ്രഹ്മണ്യൻ അവർകളുടെ മകൾ പൊന്നമ്മാൾ എല്ലാ കൊല്ലവും ഇടവ മാസത്തിൽ ഇവിടെ വന്ന് പൂജ ചെയ്യുന്നുണ്ട്.അവരുടെ പൂർവികന്റെതാണ് ഈ ആന കുത്തി കല്ല്.ഈ വീരക്കല്ലിനെ കുറിച്ച് അവരുടെ പൂർവികർ കൈമാറി വന്ന കഥ കൂടി ഇവിടെ പറയാം.കഞ്ചിക്കോട് വനമേഖലയുമായി അടുത്ത് കിടക്കുന്ന സ്ഥലാണ് നോമ്പിക്കോട്.അതിനാൽ അക്കാലത്ത് കാട്ടുമൃഗശല്യം ഇവിടെ കൂടുതലായിരുന്നു.അങ്ങനെ ഉള്ള ഒരു കാലത്ത് കാട്ടാന ഇവർ താമസിക്കുന്ന ഇടത്തിലേക്ക് വരികയും , അന്നേരം വീട്ടിൽ കൊട്ടെണ്ണ കുരു വറക്കുകയായിരുന്ന ,അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ തന്റെ കയ്യിൽ ഉണ്ടായിരുന്ന തവിയുമായി ആനയെ ഓട്ടിക്കാൻ ചെന്ന് ,അതുമായി ഏറ്റുമുട്ടി മരിച്ചു എന്നും ,അവരുടെ ഓർമ്മയ്ക്ക് ആണ് ഈ വീരക്കല്ല് വച്ചത് എന്നുമാണ് അവർ കേട്ടു വന്ന കഥ.ഈ ശിൽപ്പത്തിൽ കാണുന്ന ആയുധം തവി ആണ് എന്നും,അതിൽ കാണുന്ന രൂപം സ്ത്രീയുടേതാണ് എന്നുമാണ് അവിടെ ഉള്ളവരുടെ വിശ്വാസം..എന്തായാലും കാലങ്ങൾ അനവധി കഴിഞ്ഞിട്ടും ,ഈ ആനകുത്തി കല്ലിനെ നശിപ്പിക്കാതെ,ആരാധിച്ച് പോരുന്നത് ചരിത്രത്തോടും,പൂർവികരോടും ഇവർ കാണിക്കുന്ന നീതിയാണ്..കാലം കാത്തുവച്ച ഇത്തരം ചരിത്ര സ്മാരകങ്ങൾ വരും തലമുറയ്ക്ക് വേണ്ടി നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.
പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിലുള്ള നോമ്പിക്കോട് ഭഗവതി പൊറ്റയിൽ നിന്ന് വീരക്കല്ല് വിഭാഗത്തിൽപ്പെടുന്ന...
Posted by Sainath Menon on Tuesday 23 April 2024