
ആലപ്പുഴ: ദല്ലാൾ ടി ജി നന്ദകുമാറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണോ അതോ ദല്ലാൾ നന്ദകുമാർ ആണോയെന്ന് ശോഭ സുരേന്ദ്രൻ ചോദിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ റോൾ ഇപ്പോൾ നന്ദകുമാർ ആണ് ഏറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തന്നെ പരാജയപ്പെടുത്താൻ കഥയുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ്. ഒരു സ്ത്രീയെന്ന നിലയിൽ തന്നെ അപമാനിക്കാനും ആക്ഷേപിക്കാനുമാണ് നന്ദകുമാർ ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അടിയന്തരമായി അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാവണം. വിഷയത്തിൽ തെളിവുകൾ സഹിതം നന്ദകുമാറിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. നടപടിയെടുത്തില്ലെങ്കിൽ ഡിജിപിയുടെ വീടിന് മുന്നിൽ സമരം ചെയ്യും. ഡിജിപിയെ വഴിയിൽ തടയാനും മടിയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
ശോഭ സുരേന്ദ്രൻ അന്യായമായി കയ്യടക്കിയ ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞതെന്നും ഭൂമിയുടെ രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നതായുമാണ് ടി ജി നന്ദകുമാർ ആരോപിച്ചത്. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ വിവരങ്ങളിൽ ഈ ഭൂമിയുടെ വിവരങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഭൂമിക്ക് അഡ്വാൻസായി നൽകിയ 10 ലക്ഷം രൂപ തിരികെ നൽകാൻ പലതവണ പറയുകയും കത്ത് അയക്കുകയും ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതികരിക്കാതെ വന്നതോടെയാണ് എല്ലാം ഇപ്പോൾ തുറന്ന് പറഞ്ഞതെന്നും നന്ദകുമാർ വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ ആദ്യം തിരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് നൽകാമെന്നാണ് ശോഭ പറഞ്ഞത്. എന്നാൽ അതും കിട്ടിയില്ലെന്ന് നന്ദകുമാർ പറഞ്ഞു.