manali

കുളു: ലഡാക്കിന്റെ തലസ്ഥാനമായ ലേയെയും ഹിമാചൽ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന മണാലി ലേ-ഹൈവേ അഞ്ച് മാസത്തിനുശേഷം തുറന്നു.

ഇതോടെ മഞ്ഞ് മൂടിക്കിടന്നതിനാൽ മാസങ്ങളായി ഗതാഗതം താറുമായിക്കിടക്കുകയായിരുന്നു.

428 കിലോമീറ്റർ നീളമുള്ള പാതയിലെ മഞ്ഞ് നീക്കം ചെയ്ത ശേഷമാണ് ബോർഡർ റോഡ് ഓർഗനൈസേഷൻ റോഡ് തുറന്നുകൊടുത്തത്.

ഈ പാതയാണ് ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത്. ഹിമാചൽ പ്രദേശിലെ അടൽ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു. കഴിഞ്ഞ നവംബറിലാണ് മഞ്ഞുമൂടിയതിനെ തുടർന്ന് പാത അടച്ചത്.

ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിർത്തി പ്രദേശമായ ലഡാക്കിൽ സൈനികർക്കാവശ്യമായ ചരക്കുനീക്കങ്ങൾ നടത്തുന്നതും മണാലി ലേ ഹൈവേയിലൂടെയാണ്. ബി.ആർ.ഒ അംഗങ്ങൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മാസങ്ങളോളം നടത്തിയ പ്രയത്നത്തിലൊടുവിലാണ് പാതയിലെ മഞ്ഞ് നീക്കം ചെയ്യാൻ സാധിച്ചത്.