car

മുബയ്: കഴിഞ്ഞ ദിവസം കാണാതായ രണ്ട് രണ്ട് കുട്ടികളെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മുംബയ് അംടാംപ് ഹിൽ സ്വദേശികളായ മസ്‌കൻ മൊഹബത്ത് ഷെയ്ഖ് (5) സാജിദ് മുഹമ്മദ് ഷെയ്ഖ് (7) എന്നിവരെയാണ് നിറുത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടാണ് ഇരുവരെയും കാണാതായത്.

വീടിനുപുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ കാണാതാവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടികൾ തിരിച്ചെത്താത്തതിനാൽ വീട്ടുകാർ ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. പൊലീസിലും പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് വഴിയാത്രക്കാരൻ ആന്റോപ്പ് ഹില്ലിൽ പാർക്ക് ചെയ്‌തിരുന്ന പഴയ കാറിനുള്ളിൽ കാറിനുള്ളിൽ രണ്ട് കുട്ടികളെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.

ശ്വാസംമുട്ടിയാണ് കുട്ടികളുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ ഡോർ അകത്തുനിന്ന് ലോക്ക് ചെയ്തനിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കളിക്കുന്നതിനിടെ കാറിനകത്ത് കയറി ഡോർ ലോക്ക് ചെയ്ത കുട്ടികൾക്ക് പിന്നീട് ഇത് തുറക്കാനായില്ലെന്നാണ് സംശയിക്കുന്നത്.

അതേസമയം, ദുരൂഹത നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവിൽ അപകടമരണത്തിനാണ് കേസെടുത്തിരിക്കുന്നത്. എങ്കിലും എല്ലാവശങ്ങളും അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.