
ടെൽ അവീവ്: യു.എസിലെ സർവകലാശാലകളിൽ ആളിപ്പടരുന്ന ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കയിലെ കോളേജ് ക്യാമ്പസുകളിൽ അരങ്ങേറുന്നത് ഭയാനകമായ പ്രതിഷേധമാണെന്ന് നെതന്യാഹു പ്രതികരിച്ചു. ജൂത വിരോധികളായ ജനക്കൂട്ടം സർവകലാശാലകൾ കൈയടക്കി. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ അവർ ആഹ്വാനം ചെയ്യുന്നു. ജൂത വിദ്യാർത്ഥികളെ അവർ ആക്രമിക്കുന്നെന്നും നെതന്യാഹു ആരോപിച്ചു.
ഇപ്പോൾ നടക്കുന്നത് 1930കളിൽ ജർമ്മൻ സർവകലാശാലകളിൽ സംഭവിച്ചതിനെ അനുസ്മരിപ്പിക്കുന്നു. ഇത് അവസാനിപ്പിക്കണം. പ്രക്ഷോഭങ്ങളെ ശക്തമായി അപലപിക്കണം. എന്നാൽ പല സർവകലാശാലാ അദ്ധ്യക്ഷൻമാരുടെയും പ്രതികരണം ലജ്ജാകരമാണെന്നും നെതന്യാഹു അറിയിച്ചു.
വംശഹത്യ നടത്തുന്ന ഭീകരർക്കെതിരെ ഇസ്രയേൽ സ്വയം പ്രതിരോധിക്കുന്നു. എന്നാൽ, ഇസ്രയേലിനെതിരെ വംശഹത്യയുടെ പേരിൽ തെറ്റായ ആരോപണം ഉയരുന്നു. പ്രശ്നത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് നേതാക്കൾ നിർണായക നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
തുടക്കം കൊളംബിയയിൽ
കൊളംബിയ, ന്യൂയോർക്ക്, യേൽ, സതേൺ കാലിഫോർണിയ, ടെക്സസ് തുടങ്ങി യു.എസിലെ 21 സർവകലാശാലകളിൽ പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ അരങ്ങേറുന്നു. സ്വതന്ത്ര പാലസ്തീൻ, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി രംഗത്തിറങ്ങിയത്.
പ്രക്ഷോഭത്തെ തുടർന്ന് പലയിടത്തും ക്ലാസുകൾ ഓൺലൈനാക്കി. മുന്നൂറിലേറെ വിദ്യാർത്ഥികൾ അറസ്റ്റിലായി. കഴിഞ്ഞയാഴ്ച , ഇസ്രയേലുമായി ബന്ധമുള്ള ആയുധ നിർമ്മാതാക്കളുമായുള്ള ബന്ധം സർവകലാശാല വിച്ഛേദിക്കണമെന്ന് കാട്ടി കൊളംബിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ ആരംഭിച്ച പ്രകടനങ്ങളാണ് പ്രക്ഷോഭങ്ങളുടെ തുടക്കം. ടെക്‌സസ് സർവകലാശാലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു.
പരാതിയുമായി ജൂത വിദ്യാർത്ഥികൾ
ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ അടക്കമുള്ളവർ പ്രതിഷേധങ്ങളെ അപലപിച്ച് രംഗത്തെത്തി. കൊളംബിയയുടെ പ്രസിഡന്റ് മിനുഷ് ഷെഫീക്ക് രാജിവയ്ക്കണമെന്ന് ജോൺസൺ ആവശ്യപ്പെട്ടു. ഇതിനിടെ ക്ലാസുകളിൽ പങ്കെടുക്കാൻ പ്രതിഷേധക്കാർ അനുവദിക്കുന്നില്ലെന്ന് കൊളംബിയയിലെ ജൂത വിദ്യാർത്ഥികൾ പരാതിപ്പെട്ടു. സർവകലാശാലകളിലെ പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ അധികൃതർ ചർച്ചകൾ തുടരുകയാണ്.