
ന്യൂഡൽഹി : മണിപ്പൂർ വംശീയ കലാപത്തിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നുവെന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ റിപ്പോർട്ടിനെ അതിരൂക്ഷമായി അപലപിച്ച് ഇന്ത്യ.
മുൻവിധിയോടെയുള്ള റിപ്പോർട്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. പക്ഷപാതപരവും, ഇന്ത്യയെ കുറിച്ചുള്ള അറിവില്ലായ്മ പ്രതിഫലിക്കുന്നതുമാണ് യു.എസ് റിപ്പോർട്ട്. രാജ്യം അതിന് ഒരു വിലയും കൊടുക്കുന്നില്ല. അമേരിക്കയും അത്തരം നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്നലെ വിദേശ മന്ത്രാലയത്തിന്റെ പ്രതിവാര വാർത്താ സമ്മേളനത്തിലാണ് ജയ്സ്വാളിന്റെ പ്രതികരണം.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് പുറത്തുവിട്ട '2023 കൺട്രി റിപ്പോർട്ട്സ് ഓൺ ഹ്യൂമൻ റൈറ്റ്സ് പ്രാക്ടീസ്: ഇന്ത്യ' എന്ന റിപ്പോർട്ടിലാണ് മണിപ്പൂരിലെ മെയ്‌തി, കുക്കി വംശീയ സംഘർഷം 'ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമായെന്ന കണ്ടെത്തൽ. സംഭവത്തെ 'ലജ്ജാകരം' എന്ന് വിശേഷിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. മണിപ്പൂരിൽ 2023 മേയ് മൂന്നിനും നവംബർ 15നും ഇടയിൽ 175 പേർ കൊല്ലപ്പെട്ടു. 60,000ത്തോളം പേർ നാടുവിട്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതായും യു.എസ് റിപ്പോർട്ടിൽ പറയുന്നു.
അക്രമം തടയുന്നതിലും ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷികസഹായം എത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനർനിർമ്മിക്കുന്നതിലും കേന്ദ്രസർക്കാരിനും മണിപ്പൂർ സർക്കാരിനുമുണ്ടായ വീഴ്ചകളെ സുപ്രീംകോടതി വിമർശിച്ചതായും റിപ്പോർട്ടിലുണ്ട്.
ബി.ബി.സി റെയ്ഡും റിപ്പോർട്ടിൽ
ബി.ബി.സി.യുടെ ഡൽഹി, മുംബയ് ഓഫീസുകളിൽ നടത്തിയ ആദായനികുതി റെയ്ഡുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. റെയ്ഡിന് ഔദ്യോഗികകാരണമായി ചൂണ്ടിക്കാട്ടിയത് നികുതി അടയ്ക്കുന്നതിലെ വീഴ്ചകളാണ്. അതുമായി ഒരുബന്ധവുമില്ലാത്ത പത്രപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുകയും തെരച്ചിൽ നടത്തുകയും ചെയ്‌തു. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിലക്കാൻ അസാധാരണ അധികാരം കേന്ദ്രസർക്കാർ പ്രയോഗിച്ചെന്നും റിപ്പോർട്ടിൽ കുറ്രപ്പെടുത്തി. മോദി എന്ന പേരിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതും റിപ്പോർട്ടിലുണ്ട്.
നല്ല കാര്യങ്ങളും
ഇന്ത്യയിൽ നടന്ന കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നു. കഴിഞ്ഞ ജൂലായിൽ മുഹറം ആഘോഷിക്കാൻ ഷിയാകളെ അനുവദിച്ച് സർക്കാർ ശ്രീനഗറിൽ ഒരു മാർച്ചിന് അനുമതി നൽകിയതായി റിപ്പോർട്ട് പറയുന്നു.