xavi

ബാഴ്‌സലോണ: ഈ സീസണിന് ശേഷം ക്ളബ്ബ് വിടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ബാഴ്‌സലോണ പരിശീലകൻ സാവി ഹെർണാണ്ടസ്. കഴിഞ്ഞ ദിവസം ക്ളബ് മാനേജ്‌മെന്റുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് സാവി തീരുമാനം മാറ്റിയത്.

ഈ വർഷം ജനുവരിയിൽനൗ ക്യാംപിൽ വിയ്യാറയലിനോട് 5-3ന് തോറ്റതിനു പിന്നാലെയാണ് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് സാവി പ്രഖ്യാപിച്ചത്. 2021-ലാണ് സാവി ബാഴ്സലോണ പരിശീലകനായി ചുമതലയേറ്റത്.അടുത്ത സീസൺ അവസാനം വരെയാണ് കരാർ. 2022-23 സീസണിൽ ക്ലബ്ബിനെ ലാ ലിഗ കിരീടത്തിലേക്ക് നയിച്ച കോച്ചാണ് സാവി.എന്നാൽ ഈ സീസൺ ലാ ലിഗയിൽ റയൽ മാഡ്രിഡിന് 11 പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ പിഎസ്ജിയോട് തോറ്റുപുറത്താകുകയും ചെയ്തു. കോപ്പ ഡെൽ റേയിൽ നിന്നും പുറത്തായി. എങ്കിലും തങ്ങളുടെ മുൻ താരം കൂടിയായ സാവിയിൽ വിശ്വാസമർപ്പിക്കാൻ തയ്യാറാണെന്ന് ക്ലബ്ബ് അധികൃതർ തീരുമാനിച്ചതോടെയാണ് സാവിയും അനുകൂലമായി പ്രതികരിച്ചത്. അതേസമയം ബെയേർ ലെവർകൂസൻ കോച്ച് സാബി അലോൺസോയെ കോച്ചാക്കാൻ ബാഴ്സ ശ്രമിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.