pic

ടെൽ അവീവ്: തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ കരയാക്രമണവുമായി മുന്നോട്ടുപോകാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിനെതിരെ ഈജിപ്റ്റ് രംഗത്ത്. റാഫയിലെ സൈനിക നടപടികൾ ഗാസയിലെ മാനുഷിക സാഹചര്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ - സിസി പറഞ്ഞു. ഇത് മേഖലയിലെ സുരക്ഷയും സമാധാനവും തകർക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്ന റാഫയിൽ വടക്കൻ ഗാസയിൽ നിന്ന് പലായനം ചെയ്തെത്തിയവർ അടക്കം ഏകദേശം 14 ലക്ഷത്തിലേറെ പേരാണുള്ളത്. അതേസമയം,​ സർക്കാരിന്റെ ഉത്തരവ് ലഭിച്ചാൽ ഏത് നിമിഷവും റാഫയിലേക്ക് നീങ്ങാൻ ഇസ്രയേൽ സൈന്യം സജ്ജമാണ്.റാഫയിൽ കരയാക്രമണം എന്ന് ആരംഭിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിട്ടില്ല. സാധാരണക്കാരെ മാറ്റിപ്പാർപ്പിക്കാൻ 40,000 ടെന്റുകൾ പ്രതിരോധ മന്ത്രാലയം സജ്ജമാക്കി. ഒരു ടെന്റിൽ 12 പേരെ വീതം ഉൾക്കൊള്ളാനാകും.