
ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ യുവ നായകന്‍ ശുഭ്മാന്‍ ഗില്‍ തനിക്ക് പറ്റിയ അബദ്ധം ജീവിതത്തില്‍ മറക്കാന്‍ ഇടയില്ല. തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത മലയാളി താരം സന്ദീപ് വാര്യരെ അവഗണിച്ചതാണ് മത്സരത്തിലെ തോല്‍വിക്ക് കാരണമെന്ന വിമര്‍ശനം ഇതിനോടകം ഗില്ലിന് നേരെ ഉയര്‍ന്ന് കഴിഞ്ഞു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 224 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിരുന്നു.
മറുപടിയായി ടൈറ്റന്‍സ് 220 റണ്‍സ് നേടിയെങ്കിലും നാല് റണ്‍സ് അകലെ ജയം കൈവിട്ടു. ഡല്‍ഹി ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്‍ കൈക്കൊണ്ട ഒരു തീരുമാനം മത്സരത്തിന്റെ ഫലത്തെ നൂറ് ശതമാനം സ്വാധീനിച്ചു. 19 ഓവറില്‍ 193 റണ്‍സായിരുന്നു ക്യാപിറ്റല്‍സിന്റെ സ്‌കോര്‍. മോഹിത് ശര്‍മ്മ, മലയാളി താരം സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിരുന്നു. മൂന്നോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് നിന്ന സന്ദീപിന് പന്ത് നല്‍കുന്നതിന് പകരം മൂന്നോവറില്‍ 42 റണ്‍സ് വഴങ്ങി വിക്കറ്റ് നേടാതിരുന്ന മോഹിത്തിനാണ് ഗില്‍ പന്ത് നല്‍കിയത്.
മോഹിത് ശര്‍മ്മ എറിഞ്ഞ ഓവറില്‍ 31 റണ്‍സാണ് ക്യാപിറ്റല്‍സ് അടിച്ചെടുത്തത്. ഇത് മത്സരഫലത്തില്‍ ടൈറ്റന്‍സിനെ തോല്‍വിയിലേക്ക് തള്ളി വിടുകയും ചെയ്തു. മത്സരത്തില്‍ ഏറ്റവും നന്നായി പന്തെറിഞ്ഞ സന്ദീപിന് ഓവര്‍ നല്‍കാത്തത് ഗില്ലിന്റെ പരിചയക്കുറവ് കൊണ്ടാണെന്ന് പറയുമ്പോഴും വിമര്‍ശനം ശക്തമാണ്. 19ാം ഓവര്‍ സായ് കിഷോറിനു നല്‍കാനുള്ള ശുഭ്മാന്‍ ഗില്ലിന്റെ തീരുമാനവും പിഴച്ചു. ആദ്യ ഓവര്‍ എറിഞ്ഞ സായ് വിട്ടുകൊടുത്തത് 22 റണ്‍സ്. പന്തിനൊപ്പമുണ്ടായിരുന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സ് രണ്ടു വീതം സിക്‌സുകളും ഫോറുകളും പറത്തി.
മറ്റു ഗുജറാത്ത് താരങ്ങളുടെ ഓവറുകള്‍ തീര്‍ന്നപ്പോഴായിരുന്നില്ല ഗുജറാത്ത് ക്യാപ്റ്റന്റെ ഈ സാഹസം. മികച്ച രീതിയില്‍ പന്തെറിഞ്ഞിട്ടും മൂന്ന് ഓവറുകള്‍ മാത്രമാണ് മലയാളി താരം സന്ദീപ് വാരിയര്‍ക്ക് ഗില്‍ നല്‍കിയത്. 15 റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. എന്നിട്ടും നാല് ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ സന്ദീപിന് പന്ത് നല്‍കിയില്ല. മത്സരത്തില്‍ നാല് ഓവറുകള്‍ പന്തെറിഞ്ഞ അസ്മത്തുല്ല ഒമര്‍സായി 33 റണ്‍സും റാഷിദ് ഖാന്‍ 35 റണ്‍സും വഴങ്ങിയിരുന്നു.