
ഹരാരെ: സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഗെയ് വിറ്റാലിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു.ഹുമാനി മേഖലയിൽ സഫാരി ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിറ്റാൽ രാവിലെ ട്രെക്കിംഗിനിറങ്ങിയപ്പോഴാണ് പുള്ളിപ്പുലിയുടെ ആക്രമണമുണ്ടായത്. വിറ്റാലിന്റെ വളർത്തുനായയാണ് പുലിയെ എതിർത്ത് താരത്തെ രക്ഷപെടുത്തിയത്. അടിയന്തര ശസ്ത്രക്രിയക്കായി 51കാരനായ വിറ്റാലിനെ തലസ്ഥാനമായ ഹരാരെയിലേക്ക് എയർലിഫ്റ്റ് ചെയ്തു. പരിക്കേറ്റ ചികാര എന്ന വളർത്തുനായയ്ക്ക് വെറ്റിനറി ആശുപത്രിയിൽ ചികിത്സ നൽകി. താരത്തിന്റെയും നായയുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
2013ൽ വിറ്റാൽ ഉറങ്ങിക്കിടന്ന കട്ടിലിനടിയിൽ ഭീമൻ മുതലയെ കണ്ടെത്തിയത് വാർത്തയായിരുന്നു. കട്ടിലിനടിയിൽ മുതലയുള്ളത് അറിയാതെയായിരുന്നു രാത്രി മുഴുവൻ വിറ്റാൽ കഴിഞ്ഞത്. പിറ്റേന്ന് രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കുന്നതിനിടെ മുതലയെ കണ്ടെത്തുകയും നിലവിളിയോടെ പുറത്തേക്കോടുകയും ചെയ്തതോടെയാണ് വിറ്റാൽ സംഭവം അറിഞ്ഞത്.
പത്തുവർഷത്തോളം സിംബാബ്‌വെ ടീമിലുണ്ടായിരുന്ന വിറ്റാൽ, 46 ടെസ്റ്റുകളും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.