gukesh

ചെന്നൈ : കാനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ജേതാവായി മടങ്ങിയെത്തിയ കൗമാര ചെസ് പ്രതിഭ ഡി.ഗുകേഷിന് ചെന്നൈയിൽ വീരോചിത സ്വീകരണം. നൂറുകണക്കിന് ചെസ് ആരാധകരും വേലമ്മാൾസ്കൂളിലെ സഹപാഠികളുമടക്കം നൂറുകണക്കിന് പേർ ഗുകേഷിനെ സ്വീകരിക്കാൻ എയർപോർട്ടിലെത്തിയിരുന്നു. ഗുകേഷിന്റെ അമ്മയും മൈക്രോ ബയോളജിസ്റ്റുമായ പത്മയും മകനെ സ്വീകരിക്കാൻ എയർപോർട്ടിലുണ്ടായിരുന്നു. പിതാവ് രജനികാന്ത് മകനൊപ്പം ടൊറന്റോയിലായിരുന്നു. താൻ ചെസിൽ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് വിശ്വനാഥൻ ആനന്ദിന്റെ പിന്തുണകൊണ്ടാണെന്ന് ഗുകേഷ് പിന്നീട് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. ആനന്ദും അദ്ദേഹത്തിന്റെ വെസ്റ്റ് ബ്രിജ് അക്കാഡമിയും ഇല്ലായിരുന്നെങ്കിൽ തനിക്ക് ഇപ്പോഴത്തെ നേട്ടത്തിന്റെ നാലയലത്തുപോലും എത്താനാകുമായിരുന്നില്ലെന്ന് ഗുകേഷ് പറഞ്ഞു.