
കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന അണുബാധകളില്‍ ഒന്നാണ് മൂത്രനാളിയിലെ അണുബാധ അല്ലെങ്കില്‍ UTI (Urinary Tract Infection). നവജാതശിശുക്കള്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാരിലും ഇത് ഉണ്ടാകാം. അണുബാധയുടെ കാരണങ്ങള്‍ കുട്ടിയുടെ പ്രായത്തെയും അണുബാധയുടെ തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു.
രോഗ കാരണങ്ങള്‍
വെസിക്കോ-യൂറിറ്ററിക് റിഫ്‌ളക്‌സ് (VUR), പോസ്റ്റീരിയര്‍ യൂറിത്രല്‍ വാല്‍വ് (PUV), ന്യൂറോജെനിക് ബ്ലാഡര്‍ പോലുള്ള ജന്മനായുള്ള വൈകല്യങ്ങള്‍.
സ്ഥിരമായി മലബന്ധം, ക്രമരഹിതമായ ടോയ്ലറ്റ് ശീലങ്ങള്‍ (Dysfunctional Elimination Syndrome), ജന്മനായുള്ള വൈകല്യങ്ങള്‍, മൂത്രത്തില്‍ കല്ല് (ureteric or bladder calculi).
മുകള്‍ ഭാഗത്തെ മൂത്രനാളിയിലെ അണുബാധകള്‍ താരതമ്യേന ഗുരുതരമാണ്, അവയ്ക്ക് ആശുപത്രി പ്രവേശനവും ആന്റിബയോട്ടിക് കുത്തിവയ്പ്പുകളുടെ കോഴ്‌സും ആവശ്യമായി വരുന്നു. താഴ്ന്ന ഭാഗത്തുള്ള മൂത്രാശയ അണുബാധകള്‍ വളരെ സാധാരണമാണ്, പക്ഷേ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാത്ത പക്ഷം കുട്ടിക്ക് അസുഖം മൂര്‍ച്ഛിക്കുവാന്‍ സാദ്ധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍
കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന പനി, ഛര്‍ദ്ദി, കരച്ചില്‍, ഭക്ഷണം നിരസിക്കല്‍ എന്നിവ ഉണ്ടാകാം. മൂത്രത്തിന്റെ നിറത്തിലോ മണത്തിലോ ഉള്ള മാറ്റത്തിനൊപ്പം മൂത്രമൊഴിക്കുമ്പോള്‍ കരയുകയോ ആയാസപ്പെടുകയോ ചെയ്യാം. മുതിര്‍ന്ന കുട്ടികള്‍ക്ക് വിറയലോടുകൂടിയ പനിക്ക് പുറമേ വയറുവേദനയും ഉണ്ടാകും.
രോഗനിര്‍ണ്ണയം
രക്തപരിശോധനയ്ക്ക് പുറമേ ലബോറട്ടറി പരിശോധനയില്‍ Urine routine examination, urine culture and sensitivity test എന്നിവ ഉള്‍പ്പെടുന്നു. രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ ഉദരഭാഗത്തെ അള്‍ട്രാസൗണ്ട് സ്‌കാനിംഗും ചെയ്യേണ്ടതായി വരും. ചില സാഹചര്യങ്ങളില്‍ രോഗകാരണം കൃത്യമായി തിരിച്ചറിയുന്നതിനായി എക്‌സ്-റേ യും MCU പോലുള്ള പ്രത്യേക പരിശോധനകളും വേണ്ടി വന്നേക്കാം.
കള്‍ച്ചര്‍ ടെസ്റ്റിനായി മൂത്രസാമ്പിള്‍ ശേഖരിക്കുമ്പോള്‍ പ്രത്യേകമായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
ജനനേന്ദ്രിയം കഴുകുക. നീണ്ടനേരത്തേക്കോ ചര്‍മ്മത്തില്‍ സ്പര്‍ശിക്കുന്ന രീതിയിലോ മൂത്രസാമ്പിള്‍ ശേഖരിക്കുന്ന കണ്ടെയ്‌നര്‍ തുറന്നിടുന്നത് ഒഴിവാക്കുക. മിഡ് സ്ട്രീം, ക്ലീന്‍ ക്യാച്ച് സാമ്പിള്‍ ശേഖരിക്കുന്നതാണ് അനുയോജ്യം. പ്രോസസ്സ് ചെയ്യ്ത സാമ്പിള്‍ പരമാവധി 30 മിനിറ്റിനുള്ളില്‍ ലാബില്‍ എത്തിക്കുകയും വേണം. ആന്റിബയോട്ടിക്കുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സാമ്പിള്‍ ശേഖരിക്കണം.
ചികിത്സ
തുടര്‍ച്ചയായി വെള്ളം കുടിക്കുകയും ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും ചെയ്യുക. ഇതിനു പുറമേ, പനിക്കുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവ ആരംഭിക്കേണ്ടതായി വന്നേക്കാം. കള്‍ച്ചര്‍ ടെസ്റ്റ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ആന്റിബയോട്ടിക്കുകള്‍ മാറ്റേണ്ടതായി വന്നേക്കാം. അസുഖം തീവ്രതയിലേയ്ക്ക് എത്തുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയുമാണെങ്കില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ഡ്രിപ്പ് നല്‍കുകയും വേണം.
പുരുഷന്മാരുടെ അഗ്രചര്‍മ്മത്തിന് താഴെയുള്ള ശുചീകരണം ഉള്‍പ്പെടെ സ്വകാര്യ ഭാഗങ്ങളുടെ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. മലബന്ധം ഒഴിവാക്കുന്നതിന് പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണ ക്രമവും ടോയ്ലറ്റ് പരിശീലനവും ആവശ്യമായി വന്നേക്കാം. ആരോഗ്യകരമായ ഭക്ഷണക്രമവും ശീലങ്ങളും പിന്തുടരുന്നതിനോടൊപ്പം നേരത്തെയുള്ള രോഗനിര്‍ണ്ണയവും ചികിത്സയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തടയുന്നതിന് സഹായിക്കുന്നു.
ഡോ. പ്രതിഭ സുകുമാർ
കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ
SUT ഹോസ്പിറ്റൽ, പട്ടം