pic

മാഡ്രിഡ്: അഴിമതി ആരോപണത്തിൽ ഭാര്യയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തന്റെ പദവി രാജിവയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. നിലവിൽ ഔദ്യോഗിക ചുമതലകളിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കാൻ തീരുമാനിച്ചെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബിസിനസ് ഇടപാടുകളിൽ ഔദ്യോഗിക പദവിയുടെ സ്വാധീനം ചെലുത്തിയെന്നും അഴിമതി നടത്തിയെന്നും ആരോപണം ഉയർന്നതോടെ ബുധനാഴ്ചയാണ് സ്പാനിഷ് കോടതി പെഡ്രോയുടെ ഭാര്യ ബൊഗോന്യ ഗോമസിനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.

മാനോസ് ലിംപിയാസ് എന്ന തീവ്ര വലതുപക്ഷ സംഘടനയാണ് പരാതിക്കാർ. ഭാര്യ അന്വേഷണത്തോട് സഹകരിക്കുമെന്ന് പെഡ്രോ അറിയിച്ചു. 2018ലാണ് 52കാരനായ സാഞ്ചസ് സ്പെയിനിന്റെ പ്രധാനമന്ത്രിയായത്. കഴിഞ്ഞ നവംബറിൽ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി നേതാവായ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.