rishbh-pant

ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള 15 അംഗ ടീമുകളെ മേയ് ഒന്നിന് മുമ്പ് പ്രഖ്യാപിക്കണമെന്നാണ് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ നൽകിയിരിക്കുന്ന നിർദ്ദേശം. അതിനിനി അധികം ദിവസങ്ങൾ ശേഷിക്കുന്നില്ല. ആദ്യ ട്വന്റി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഈ മാസം അവസാനത്തോടെ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച സെലക്ടർമാർ ടീം പ്രഖ്യാപനം ന‌ടത്തുമെന്ന് സൂചനകളുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ ടീമിൽ ആരൊക്കെ ഇടംപിടിക്കുമെന്ന ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. സെവാഗ്,ഹർഭജൻ സിംഗ്,ഇർഫാൻ പഠാൻ തുടങ്ങിയ മുൻ താരങ്ങളൊക്കെ തങ്ങൾക്ക് താത്പര്യമുള്ള താരങ്ങളെ ഉൾപ്പെടുത്തി ടീമുകളെ പ്രഖ്യാപിക്കുന്നു. ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ടീം സെലക്ഷനെങ്കിലും വെസ്റ്റ് ഇൻഡീസിലെ പിച്ചുകളിലും സാഹചര്യങ്ങളിലും മികച്ച പ്രകടനം നടത്തിയ താരങ്ങൾക്ക് മുൻതൂക്കം ലഭിക്കാനുമിടയുണ്ട്. ഏതായാലും സെലക്ടർമാർ തീരുമാനമെ‌ടുക്കാനായി ഇരിക്കുമ്പോൾ ഒഴിവാക്കാൻ കഴിയാത്ത ഒരു സാന്നിദ്ധ്യമായി വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തുണ്ടാകുമെന്നാണ് അറിയുന്നത്. 2022ലെ കാറപകടത്തിന് ശേഷം ഈ ഐ.പി.എല്ലിലൂടെ തിരിച്ചുവന്ന പന്ത് ഇതിനകം കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ച്വറികളടക്കം 342 റൺസ് നേടി റൺ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റാൻസിനെതിരെ 43 പന്തുകളിൽ നിന്ന് 88 റൺസ് നേടിയ ഇന്നിംഗ്സ് മാത്രം മതി പന്തിനെ സെലക്ട് ചെയ്യാനെന്നാണ് ആരാധകർ പറയുന്നത്. ക്രീസിൽ നിന്നും ചാഞ്ഞും ചരിഞ്ഞും സിക്സുകൾ പറത്തുന്ന പഴയ പന്തുതന്നെയാണ് താനെന്ന് തെളിയിക്കുന്നതായിരുന്നു പന്തിന്റെ സിക്സുകൾ. അവസാന ഓവറിൽ നേടിയ 31 റൺസ് ഫിനിഷറെന്ന നിലയിലെ പ്രാവീണ്യവും തെളിയിച്ചു. ക്യാച്ചുകളും സ്റ്റംപിംഗുകളുമായി വിക്കറ്റ് കീപ്പിംഗിലും മികവ് തെളിയിക്കുന്ന പന്തിനെ ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി തീരുമാനിച്ചാൽ അത്ഭുതപ്പെടാനില്ല.

സെലക്ടേഴ്സ് ചോയ്സ്

1. റിഷഭ് പന്താണ് ഒന്നാം വിക്കറ്റ് കീപ്പറെങ്കിൽ രണ്ടാം സ്ഥാനത്തേക്ക് പരിഗണിക്കുക കെ.എൽ രാഹുലിനെയും സഞ്ജു സാംസണിനെയുമാകും. പരിചയ സമ്പത്ത് രാഹുലിന് തുണയാകുമെങ്കിൽ സഞ്ജുവിന് സ്റ്റാൻഡ് ബൈ ആകേണ്ടിവരും. ദിനേഷ് കാർത്തിക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രായം പ്രതികൂലഘടകമാണ്.

2. ഹാർദിക് പാണ്ഡ്യയുടെ മോശം ഫോം സെലക്ടർമാർക്ക് തലവേദനയാണ്. പാണ്ഡ്യയെ ഒഴിവാക്കിയാൽ പേസ് ബൗളിംഗ് ആൾറൗണ്ടറായി ശിവം ദുബെയെ പരിഗണിക്കേണ്ടിവരും. പക്ഷേ ദുബെ ഐ.പി.എല്ലിൽ പന്തെറിയുന്നില്ല.

3. ആൾറൗണ്ടർ അക്ഷർ പട്ടേൽ, സ്പെഷ്യലിസ്റ്റ് സ്പിന്നർ രവി ബിഷ്ണോയ്‌ എന്നിവരിൽ ആരെ വേണമെന്നതിലും തീരുമാനമായിട്ടില്ല. അക്ഷറിന്റെ ആൾറൗണ്ട് മികവാണ് മാനദണ്ഡമെങ്കിൽ ബിഷ്ണോയ് പുറത്തിരിക്കേണ്ടിവരും.

4. റയാൻ പരാഗിനെയും ചഹലിനെയും ടീമിലെ‌ടുക്കണമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആവേഷ് ഖാന്റെ കാര്യത്തിലും ആരാധകർക്ക് ആവേശമുണ്ട്.

5. ബുംറ,അർഷ്ദീപ്, സിറാജ് , രവീന്ദ്ര ജഡേജ,കുൽദീപ് എന്നിവരാരും ബൗളർമാരായി ടീമിലുണ്ടാവുക എന്ന് സൂചനയുണ്ട്.