
കെപോപ്പ്... ഇന്ന് കേരളത്തിൽ എല്ലാ ഇടത്തും കേൾക്കുന്ന വാക്കാണിത്. ഇതിനെക്കുറിച്ച് വലിയ അറിവൊന്നും ഇല്ലാത്തവർക്ക് പോലും എന്താണിതെന്ന് അറിയാൻ ആഗ്രഹമുണ്ടായിരിക്കും. നിങ്ങളുടെ അല്ലെങ്കിൽ അയൽ വീട്ടിൽ, അതുമല്ലെങ്കിൽ കുടുംബത്തിൽ ഒരു കെപോപ്പ് ഫാൻ ഉണ്ടാകുമെന്നത് ഉറപ്പാണ്. അവരിൽ നിന്നാവും ആദ്യമായി നിങ്ങൾ ഈ വാക്ക് കേട്ടിട്ടുണ്ടാകുക. എന്നാൽ എന്താണ് കെപോപ്പ്, എന്തുകൊണ്ട് ഇത്രയും പേർ അവരുടെ ഫാനായി, അങ്ങ് കൊറിയയിലുള്ള കെപോപ്പ് എങ്ങനെ കേരളത്തിൽ ഇത്രയും സുപരിചിതരായി ഈ ചോദ്യങ്ങൾക്കൊല്ലാം ഉത്തരമുണ്ട്.
കെപോപ്പ്
ദക്ഷിണ കൊറിയയിലെ പോപ്പ് ഗാനങ്ങളാണ് കെപോപ്പ് എന്ന് പറയുന്നത്. ഒന്നോ രണ്ടോ അല്ല 300 ഓളം കെപോപ്പ് ബാൻഡുകൾ ഉണ്ട്. ബിടിഎസ്, എക്‌സോ, ടി എക്സ് ടി, ബ്ലാക്ക് പിങ്ക്, എൻ സി ടി തുടങ്ങി നിരവധി ബാൻഡും ദക്ഷിണ കൊറിയയിൽ ഉണ്ട്. ഒരു ബാൻഡിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടായിരിക്കും. ഇവർ വേദികളിൽ ഒരേ സമയം പാടുകയും അതിനനുസരിച്ച് ചടുലമായ നൃത്തച്ചുവടുകളും വയ്ക്കുന്നു.

കൊറിയൻ ഭാഷയിലായിരിക്കും ഇവരുടെ ഗാനങ്ങൾ. എന്നാൽ പാട്ടിനിടയിൽ ഇംഗ്ലീഷ് വരികളും കാണാം. ഇത്തരത്തിലുള്ള ബാൻഡുകൾ ഒരു കമ്പനിയുടെ കീഴിലായിരിക്കും പ്രവർത്തിക്കുക. ഇവരുടെ ഗാനങ്ങളും പരിപാടികളും എല്ലാ നിയന്ത്രിക്കുന്നത് ഈ കമ്പനികളാണ്. വളരെ ചെറുപ്പക്കാലത്ത് തന്നെ കുട്ടികളെ ഓഡീഷനിലൂടെ തിരഞ്ഞെടുത്താണ് ബാൻഡിലെ അംഗങ്ങൾ ആക്കുന്നത്. ഇവർക്ക് ട്രെയിനിംഗും നൽകുന്നു. റാപ് ഗാനങ്ങളും ഇതിൽ പ്രശസ്തമാണ്.
ബിടിഎസ്
കെപോപ്പിനെ പ്രശസ്തമാക്കിയ ഒരു ബാൻഡാണ് ബിടിഎസ് (ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്സ്). അതിനാൽ തന്നെ കേപ്പോപ്പിനെ കുറിച്ച് പറയുമ്പോൾ ബിടിഎസിനെ ഒഴിവാക്കാൻ കഴിയില്ല. ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റ് എന്ന കമ്പനി ബി.ടി.എസ് എന്ന കെ പോപ് ബാൻഡ് രൂപീകരിക്കുന്നത് 2013ലാണ്. കിം നാജൂൻ എന്ന ആർ.എമ്മാണ് ബി.ടി.എസിന്റെ ആദ്യ അംഗവും സ്റ്റേജ് നായകനും. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ റാപ് ചെയ്തു തുടങ്ങിയ ആർ എം പിന്നീട് ഒരു ഹിപ് ഹോപ് ഏജൻസിയുടെ ഓഡിഷൻ വേദിയിലാണ് ബിഗ് ഹിറ്റ് സി ഇ ഒ ബാംഗ് ഷി ഹ്യൂകുമായി പരിചയപ്പെട്ടത്. അതു ജീവിതത്തിലെ വഴിത്തിരിവായി. 2010ൽ ‘റാപ് മോൺസ്റ്റർ’ കിംനാജുൻ (ആർ.എം) ആദ്യത്തെ അംഗമായി ബി ടി എസിന്റെ ഭാഗമായി.

പിന്നീടെത്തിയത് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ– ജിയോൻ ജംകുക്ക്. 15–ാം വയസിലാണ് ആരാധകർ ‘കുക്കി’യെന്നു ചെല്ലപ്പേരു വിളിക്കുന്ന ജംകുക്ക് ബുസാനിലെ ഓഡിഷൻ വേദിയിൽ നിന്ന് ബിഗ് ഹിറ്റ് എന്റർടെയ്ൻമെന്റിലേക്കെത്തിയത്. വിവിധ കമ്പനികളിൽ നിന്നു ക്ഷണം ലഭിച്ചെങ്കിലും ബി ടി എസിന്റെ ഭാഗമാകാനുള്ള നിയോഗം കുക്കിയിലെത്തിയത് ആർ.എമ്മിന്റെ രൂപത്തിലായിരുന്നു.
ആർ.എമ്മിന്റെ റാപ്പിംഗ് സ്വാധീനിച്ചതോടെ ഒരുമിച്ചു സംഗീതം ചെയ്യണമെന്ന മോഹത്താലാണ് കുക്കി ആ തീരുമാനമെടുത്തതെന്ന് പറഞ്ഞിട്ടുണ്ട്. പിന്നീട് കിംടെയുങ് എന്ന ‘വി’, മിൻ യൂഗി എന്ന ‘ഷുഗ’, കിം സോക് ജിൻ എന്ന ജിൻ, പാർക്ക് ജിമിൻ എന്ന ജീമിൻ, ജംക് ഹോസിയോക് എന്ന ജെഹോപ് എന്നിവർ ഏഴംഗ ബോയ്സ് ബാൻഡ് സംഘത്തിന്റെ ഭാഗമായി.

ലവ് മൈ സെൽഫ്
കൊവിഡ് കാലത്തെ ലോക്‌ഡൗൺ സമയത്താണ് കേരളത്തിൽ കൂടുതലും കെപോപ്പ് ശ്രദ്ധ നേടിയത്. എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്ന സമയത്ത് കേരളത്തിലെ യുവാക്കൾക്കിടയിൽ ഒരു വിപ്ലവം തന്നെ ബിടിഎസ് സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ ഗാനങ്ങളിലൂടെ പതുക്കെ കേരളത്തിലെ യുവാക്കൾ കെപോപ്പിലേക്ക് അടുക്കുകയായിരുന്നു.
ബിടിഎസിനെക്കുറിച്ച് തന്നെ ആദ്യം പറയാം. കൂടുതലും 'ലവ് മൈ സെൽഫ്' പോലുള്ള ആശയങ്ങളാണ് അവർ സമൂഹത്തിൽ കൊണ്ട് വരാൻ ശ്രമിച്ചത്. ഇവരുടെ ഗാനങ്ങളിലൂടെ നമ്മൾ പോലും അറിയാതെ നമ്മുടെ വിഷമങ്ങൾ മറക്കുന്നതായി ഒരു ബിടിഎസ് ആരാധിക ആഷ്ന കേരള കൗമൂദി ഓൺലെെനിനോട് പറഞ്ഞു. നിരാശയിൽ നിന്ന് രക്ഷിക്കാൻ പുതിയ സ്വപ്നങ്ങൾ കാണിക്കാൻ ബിടിഎസ് ഫാൻസിനെ (ആർമി) അവർ സഹായിച്ചതായി ആരാധകർ പറയുന്നു.
ഒരുപാട് പേരുടെ സ്വപ്നങ്ങളിലൂടെയാണ് നമ്മുടെ ജനനം. നമ്മുടെ ജീവിതത്തെക്കുറിച്ചും നമ്മൾ ഏറെ സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ അത് നടന്നില്ലെങ്കിലോ. ആ തകർന്ന സ്വപ്നങ്ങൾ വീണ്ടും എടുത്ത് പുതിയ ജീവിതം തുടങ്ങാൻ ബിടിഎസിനെ പോലുള്ള ബാൻഡുകൾ സഹായിക്കുമെന്നാണ് പലരുടെയും അഭിപ്രായം. ഇവരുടെ ഗാനങ്ങൾ മാത്രമല്ല ഗെയിമിംഗ് പരിപാടികളും മറ്റ് ഷോകളും വളരെ ഹിറ്റാണ്.

ആരാധകർക്കൊപ്പം ആരാധകരായി
കെപോപ്പ് ഫാൻസിന് തങ്ങളുടെ ബാൻഡിനോട് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാൽ ഇവരുടെ പ്രിയപ്പെട്ട ബാൻഡ് അംഗങ്ങൾക്ക് ആരാധകരെ വളരെ ഇഷ്ടമാണ്. ആരാധകരുമായി ജന്മദിനം ആഘോഷിക്കുക, അവർ കത്തുകൾ നൽകുക, ആരാധകരെ സന്തോഷിപ്പിക്കുന്ന ഷോകൾ നടത്തുക എന്നിവയും അവർ ചെയ്യാറുണ്ട്. ഇടക്ക് ആരാധകരെ നേരിൽ കണ്ട് സർപ്രെെസ് നൽകാറുമുണ്ട്. പരസ്പരം മനസിലാക്കിയുള്ള ബന്ധമാണ് ഇവർ തമ്മിലുള്ളത്. ഒരോ ബാൻഡിന്റെയും ഫാൻസിനെ വ്യത്യസ്ത പേരുകൾ ഉണ്ട് ഉദാഹരണത്തിന് ബിടിഎസിന്റെ ഫാൻസിനെ ആർമി (Adorable Representative M.C. for Youth) എന്നാണ് വിളിക്കുന്നത്.

ഇവരുടെ സെൽഫ് ലൗ പോലുള്ള കാര്യങ്ങളാണ് ഇവർക്ക് ആരാധകർ കൂടുന്നതിന് ഒരു പ്രധാന കാരണം. ആരാധകർക്ക് സെൽഫ് ലൗ, മോട്ടിവേഷൻ പോലുള്ളവ ഇവരുടെ ഗാനങ്ങളിൽ നിന്നും അവരുടെ വാക്കുകളിൽ നിന്നും ആരാധകർക്ക് ലഭിക്കുന്നുണ്ട്. കൊവിഡ് കാലത്ത് കേരളത്തിലും പല യുവാക്കളും ഏകാന്തതയും മാനസിക സമ്മർദ്ദവും അനുഭവിച്ചിരുന്നു. ഈ സമയത്താണ് കെപ്പോപ്പ് കേരളത്തിലെ കുട്ടികളുടെയും യുവാക്കളുടെയും മറ്റും ശ്രദ്ധയിൽ പെടുന്നത്. അതെല്ലാം കഴിഞ്ഞിട്ടും ഇപ്പോഴും കേരളത്തിലെ ജനങ്ങൾ തങ്ങളുടെ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുകയാണ് ഈ കെപോപ്പ് ഗാനങ്ങൾ. യുവാക്കളും കുട്ടികളും മാത്രമല്ല ഇപ്പോൾ വൃദ്ധർ വരെ കെപോപ്പ് ആരാധകരായി മാറികഴിഞ്ഞു.