
തിരുവനന്തപുരം : വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ചില കേന്ദ്രങ്ങൾ വോട്ടർമാരെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി,ഗോവിന്ദൻ പറഞ്ഞു. സമസ്‌ത ഉൾപ്പെടെയുള്ള സാമുദായിക സംഘടനകൾ സ്വതന്ത്രവും നിഷ്‌പക്ഷവുമായ നിലപാട് എടുക്കുമ്പോൾ നേതാക്കളെയും പ്രവർത്തകരെയും അണികളെയും ഭീകരത സൃഷ്‌ടിച്ച് ഭീഷണിപ്പെടുത്താനുള്ള ഇത്തരം നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും എം,വി. ഗോവിന്ദൻ പറഞ്ഞു.
ജനാധിപത്യ ഇന്ത്യയിൽ ഓരോ പൗരനും നിഷ്‌പക്ഷമായി ചിന്തിച്ച് വോട്ട് ചെയ്യാൻ അവകാശമുണ്ട്. ഈ അവകാശം ഉൾപ്പെടെ സ്വതന്ത്രമായി ജീവിക്കാനും സഞ്ചരിക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമെല്ലാം ഇന്ന് ഏറ്റവും അനുയോജ്യമായ നാടാണ് കേരളം. ആ കേരളത്തിൽ ജനാധിപത്യപരമായ അവകാശങ്ങൾ രേഖപ്പെടുത്താനും അഭിപ്രായങ്ങൾ തുറന്നുപറയാനും മുന്നോട്ട് വരുന്നവരെ ഭീഷണിപ്പെടുത്തി ഒതുക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഇത്തരം ഭീഷണികളെ ചെറുത്ത് തോൽപിച്ച നാടാണ് കേരളം. ഇങ്ങനെയുള്ള ഭീഷണികളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണം. ഈ ഭീഷണികളിലൊന്നും വോട്ടർമാർ വഴങ്ങില്ലെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭരണഘടനാമൂല്യങ്ങൾ പരിരക്ഷിക്കുന്നതിനും സാഹോദര്യത്തിലധിഷ്ഠിതമായ ഭരണസംവിധാനം രൂപപ്പെടുത്തുന്നതിനുമാവണം ഓരോ വോട്ടുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. ഉയർന്ന ജനാധിപത്യ മൂല്യത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനങ്ങളുടെ ന്യായമായ ജനാധിപത്യ ഭരണഘടനാ അവകാശങ്ങൾ ഉറപ്പാക്കാനും ഭേദചിന്തകൾക്കതീതമായി മനുഷ്യമനസുകളുടെ ഒരുമ ഊട്ടിയുറപ്പിക്കാനും കഴിയുന്നതാകണം നമ്മുടെ ജനാധിപത്യ അവകാശത്തിന്റെ വിനിയോഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.