
റോം: സഞ്ചാരികൾക്ക് എൻട്രി ഫീസ് ഏർപ്പെടുത്തി ഇറ്റലിയിലെ വെനീസ് നഗരം. നഗരത്തിലേക്കുള്ള പ്രവേശനത്തിന് അഞ്ച് യൂറോ ( ഏകദേശം 450 രൂപ ) വീതമാണ് ഈടാക്കുന്നത്. വെനീസിന്റെ പ്രവേശന കവാടങ്ങളിൽ എൻട്രി ടിക്കറ്റ് പരിശോധിച്ച ശേഷമേ സഞ്ചാരികളെ പ്രവേശിപ്പിക്കൂ. നിയമം ലംഘിക്കുന്നവർക്ക് 50 മുതൽ 300 യൂറോ വരെ പിഴ ചുമത്തിയേക്കും. രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെയാണ് നിയന്ത്രണം ബാധകം.
ഹോട്ടൽ റിസർവേഷനുള്ളവർ, 14 വയസിൽ താഴെയുള്ളവർ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർക്ക് ഫീസ് വേണ്ട. അതേ സമയം, ജൂലായി പകുതി വരെ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രീതി നടപ്പാക്കുന്നത്. ലോകത്ത് ആദ്യമായാണ് ഒരു നഗരത്തിൽ ഇത്തരത്തിൽ സഞ്ചാരികൾക്കായി എൻട്രി ഫീസ് ഏർപ്പെടുത്തുന്നത്.
നഗരത്തിലേക്കുള്ള സഞ്ചാരികളുടെ അമിതമായ ഒഴുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ തിരക്ക് ഏറിയതിനാൽ വെനീസിലെ ചരിത്ര പ്രാധാന്യമുള്ള സ്മാരകങ്ങളുടെയടക്കം നിലനിൽപ്പ് ഭീഷണിയിലാണെന്ന് അധികൃതർ പറയുന്നു. ജനജീവിതത്തെയും ബാധിച്ചു. നഗരത്തിലേക്ക് കൂറ്റൻ ക്രൂസ് ഷിപ്പുകളിൽ സഞ്ചാരികൾ എത്തുന്നത് നേരത്തെ നിരോധിക്കപ്പെട്ടിരുന്നു.
അതിമനോഹരമായ കനാലുകൾ നിറഞ്ഞ വെനീസിലെ ' ഗൊണ്ടോള " എന്നറിയപ്പെടുന്ന വള്ളങ്ങളും അതിശയിപ്പിക്കുന്ന മദ്ധ്യകാലഘട്ട വാസ്തുവിദ്യ വിളിച്ചോതുന്ന കെട്ടിടങ്ങളും പാലങ്ങളുമൊക്കെ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.