
ന്യൂഡൽഹി : വയനാടിന് പുറമേ അമേഠിയിലും രാഹുൽ ഗാന്ധി മത്സരിക്കാൻ ഒരുങ്ങുകയാണെന്ന് വാദവുമായി ബി.ജെ.പി . കേരളത്തിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയാണ് ബി.ജെ.പി ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ഇതിനുള്ള തെളിവ് പുറത്തുവിടുകയും ചെയ്തു. അമേഠി യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷന്റെ വീഡിയോ സഹിതം എക്സിലാണ് അമിത് മാളവ്യയുടെ വെളിപ്പെടുത്തൽ.
രാഹുലിന്റെ പ്രചാരണത്തിനായി തയ്യാറാണെന്നും മേയ് രണ്ടിന് രാഹുൽ മണ്ഡലത്തിലെത്തി പത്രിക നൽകുമെന്നും അമേഠി യൂതത് കോൺഗ്രസ് അദ്ധ്യക്ഷൻ അവകാശപ്പെടുന്ന വീഡിയോ ആണ് അമിത് മാളവ്യ പങ്കുവച്ചത്. വയനാട് രാഹുലിന്റെ പ്ലാൻ ബി മാത്രമാണെന്നും അമേഠിയിൽ വിജയിച്ചാൽ വയനാട്ടിലെ ജനങ്ങളെ രാഹുൽ ഉപേക്ഷിക്കുമെന്നും അമിത് മാളവ്യ എക്സിൽ കുറിച്ചു. കേരളത്തിൽ വോട്ടിംഗ് കഴിഞ്ഞാൽ രാഹുൽ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു.
അതേസമയം അമേഠിയെക്കാൾ റായ്‌ബറേലിയിൽ മത്സരിക്കാനാണ് രാഹുലിന് താത്പര്യമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രിയങ്കയും റായ്‌ബറേലിയിൽ കണ്ണുവയ്ക്കുന്നത് കോൺഗ്രസിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. അമേഠി സീറ്റിൽ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര അവകാശവാദം ഉന്നയിക്കുന്നതായും സൂചനയുണ്ട്.