
ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ വിവിപാറ്റ് രസീതുമായി ഒത്തുനോക്കണമെന്ന ഹർജികളിൽ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാൽപര്യഹർജി പരിഗണിക്കുന്നത്. രണ്ട് ജഡ്‌ജിമാരും പ്രത്യേകം വിധികളാണ് പ്രസ്താവിക്കുന്നത്. ഭിന്നവിധികളാണെങ്കിൽ ഹർജി ഉയർന്ന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ സാദ്ധ്യതയുണ്ട്.
നിലവിൽ ഓരോ അസംബ്ലി മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിൽ നിന്നുള്ള വിവിപാറ്റുകളാണ് എണ്ണുന്നത്. എന്നാൽ മുഴുവൻ വിവിപാറ്റുകളും എണ്ണണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഇ.വി.എം സംവിധാനം ശക്തിപ്പെടുത്താനുള്ള നിർദ്ദേശം പുറപ്പെടുവിക്കാമെന്ന് കോടതി ബുധനാഴ്ച്ച സൂചന നൽകിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ ഉദ്ദ്യേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇലക്ട്രോണിക വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തതിന് തെളിവുകളില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇ.വി.എമ്മുകളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കിയ ശേഷമാണ് സുപ്രീം കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.