
ഹൈദരാബാദ്: സണ്‍റൈസേഴ്‌സിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് നിരാശ സമ്മാനിച്ച് രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ആര്‍സിബിക്ക് ജയം. 207 റണ്‍സ് വിജയലക്ഷ്യം മുന്നോട്ട് വച്ച ശേഷം എസ്ആര്‍എച്ചിനെ 20 ഓവറില്‍ 171 റണ്‍സില്‍ ഒതുക്കിയാണ് 35 റണ്‍സ് ജയം ആഘോഷിച്ചത്. സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് കോഹ്ലിയുടേയും സംഘത്തിന്റേയും രണ്ടാമത്തെ മാത്രം ജയമാണിത്.
സ്‌കോര്‍: ബംഗളൂരു 206-7 (20), ഹൈദരാബാദ് 171-8 (20)
207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ആദ്യ അഞ്ച് ഓവറില്‍ 56 റണ്‍സ് നേടിയെങ്കിലും മുന്‍നിര ബാറ്റര്‍മാരായ അഭിഷേക് ശര്‍മ്മ 31(13), ട്രാവിസ് ഹെഡ് 1(3), എയ്ഡന്‍ മാര്‍ക്രം 7(8), ഹെയ്ന്റിച്ച് ക്ലാസന്‍ 7(30 എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി. നിതീഷ് റെഡ്ഡി 13(13), അബ്ദുള്‍ സമദ് 10(6) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഷാബാസ് അഹമ്മദ് 40*(37) പുറത്താകാതെ നിന്നെങ്കിലും മറുവശത്ത് നിന്ന് പിന്തുണ ലഭിച്ചില്ല.
ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 15 പന്തില്‍ 31 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 124ല്‍ നില്‍ക്കെ ഏഴാമനായി പുറത്തായതോടെ പ്രതീക്ഷകള്‍ അവസാനിച്ചു. ഭുവനേശ്വര്‍ കുമാര്‍ 13(13) റണ്‍സും ജയദേവ് ഉനദ്കട് പുറത്താകാതെ 8(10) റണ്‍സും നേടി. ആര്‍സിബിക്ക് വേണ്ടി കാമറൂണ്‍ ഗ്രീന്‍, കാണ്‍ ശര്‍മ്മ, സ്വപ്‌നില്‍ സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വില്‍ ജാക്‌സ്, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വിരാട് കോഹ്ലി 51(43), രജദ് പാട്ടിദാര്‍ 50(20) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലസിസ് 25(12), കാമറൂണ്‍ ഗ്രീന്‍ 37*(20) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ഐപിഎല്‍ സീസണില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോല്‍വി വഴങ്ങിയതിന് ശേഷമാണ് ബംഗളൂരുവിന്റെ വിജയം. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് വെറും ഒരു റണ്ണിനാണ് അവര്‍ തോറ്റത്.