
മുണ്ടൂര്‍: പൊതുവിപണിയില്‍ റബ്ബര്‍ വില 180 രൂപയില്‍ എത്തിയിട്ടും നേട്ടം കൊയ്യാനാവാത്തത് കര്‍ഷകര്‍ ദുരിതത്തില്‍. കടുത്ത വേനല്‍ ചൂടില്‍ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഉത്പാദനം കൂടിയ സമയത്ത് റബ്ബര്‍ ഷീറ്റിന് 150 ല്‍ താഴെയായിരുന്നു വില.
നാലാം ഗ്രേഡ് ഷീറ്റിനാണ് 180 രൂപ വില. എന്നാല്‍ കര്‍ഷകരുടെ കൈവശം വില്‍ക്കാന്‍ ഷീറ്റ് ലഭ്യമല്ല. മാര്‍ക്കറ്റ് വിലയും അന്താരാഷ്ട്ര വിലയും ഉയര്‍ന്നത് കര്‍ഷകര്‍ക്ക് നേട്ടമില്ലാതായി. മുന്‍വര്‍ഷങ്ങളില്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ ഷീറ്റ് സൂക്ഷിച്ചുവച്ച കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ട സ്ഥിതിയുണ്ടായി.
ഇക്കാരണത്താല്‍ ഈ വര്‍ഷം കര്‍ഷകരിലേറെയും ഷീറ്റ് കരുതി വെക്കാതെ നേരത്തെ വില്‍പന നടത്തി. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഉത്പാദന കുറവാണ് അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും വില വര്‍ദ്ധനയ്ക്കിടയാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു. മലയോര മേഖലകളിലെ പ്രധാന റബ്ബര്‍ കടകളില്‍ 50 - 100 കിലോയില്‍ താഴെ മാത്രമാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
ടാപ്പിംഗ് നിര്‍ത്തി കര്‍ഷകര്‍
ഉത്പാദനം പകുതിയായതോടെ പല കര്‍ഷകരും റബ്ബര്‍ ടാപ്പിംഗ് നിര്‍ത്തി. ടാപ്പിംഗ് നിര്‍ത്തിയതോടെ ചിരട്ടകളില്‍ ശേഷിച്ച ഒട്ടുപാലും വള്ളിപ്പാലും 105 -110 രൂപ വിലയായി ഉയര്‍ന്നു. റബ്ബര്‍ വില വര്‍ദ്ധനവിനൊപ്പം ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ താങ്ങു വിലയ്ക്ക് എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചെറുകിട കര്‍ഷകര്‍ക്ക് യാതൊരു ഗുണവുമില്ല. അതേ സമയം ചെറുകിട കര്‍ഷകരില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ഷീറ്റ് സൂക്ഷിച്ച് വെച്ച വന്‍കിട തോട്ട ഉടമകള്‍ക്കും വ്യാപാരികള്‍ക്കുമാണ് നേട്ടമുണ്ടാക്കാന്‍ കഴിയുന്നത്.