
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക്. തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി കുടുംബ സമേതം വോട്ട് ചെയ്യാനെത്തി. മുക്കാട്ടുകര സെന്റ് ജോർജ് എൽ പി സ്‌കൂളിലാണ് സുരേഷ് ഗോപി, ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർ വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. ബി ജെ പി പ്രവർത്തകരും സുരേഷ് ഗോപിക്കൊപ്പമുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകും. എൽ ഡി എഫ് സ്ഥാനാർത്ഥി സുനിൽ കുമാറും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ട്.
പത്തനംതിട്ടയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് വോട്ട് ചെയ്യാനെത്തി. തിരുവനന്തപുരത്താണ് അദ്ദേഹത്തിന് വോട്ട്. വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വോട്ട് ചെയ്യാനായി പാലക്കാടെത്തി. 'ഇത് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തിരഞ്ഞെടുപ്പാണെന്നാണെന്നാണ് വോട്ട് ചെയ്യാനായി വരുന്ന ഓരോ മലയാളിയും ചിന്തിക്കേണ്ടത്.' -ഷാഫി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം വടകരയിലേക്ക് പോകും.
അതേസമയം, കോഴിക്കോട് മണ്ഡലത്തിലെ ബൂത്ത് നമ്പർ ഒന്നിൽ വോട്ടിംഗ് മെഷീന് തകരാറ് സംഭവിച്ചു. കൂടാതെ പത്തനംതിട്ടയിലെ 22ാം ബൂത്തിൽ വിവിപാറ്റ് മെഷീൻ പ്രവർത്തുക്കുന്നില്ല. വടകര വിലങ്ങാട് രണ്ട് ബൂത്തുകളിൽ യന്ത്ര തകരാറ് മൂലം മോക്ക് പോളിംഗ് മുടങ്ങി. പല പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ ആണ്.
1903 ബൂത്തുകളിൽ കർശന നിരീക്ഷണം
സംസ്ഥാനത്തെ 1161 പ്രശ്നബാധിത ബൂത്തുകളും 742 അതീവ പ്രശ്നബാധിത ബൂത്തുകളും ഉൾപ്പെടെ 1903 ബൂത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. അമ്പതോളം നിരീക്ഷകരുണ്ട്. തിരുവനന്തപുരം,തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ ബൂത്തുകളും ഉൾപ്പെടെ സംസ്ഥാനത്തെ 22832 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും.
കേരളം
വോട്ടർമാർ : 277 49,159
സ്ത്രീകൾ : 143 33 499
പുരുഷൻമാർ : 134 15 293
ഭിന്നലിംഗക്കാർ : 367
ഭിന്നശേഷിക്കാർ : 264232
85കഴിഞ്ഞവർ : 246959
100കഴിഞ്ഞവർ : 2891
കന്നിവോട്ടർമാർ : 534394
പ്രവാസികൾ : 89839
സർവീസ് വോട്ടർമാർ : 57493
പോളിംഗ് ഉദ്യോഗസ്ഥർ : 1,01176
സുരക്ഷാ ഉദ്യോഗസ്ഥർ : 66303
വോട്ടിംഗ് മഷിക്കുപ്പി : 63100
ബൂത്തുകൾ : 25231
വോട്ടിംഗ് യന്ത്രം : 30238
വിവിപാറ്റ് : 32698