election

കണ്ണൂർ: തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളിൽ ആൾമാറാട്ടം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ കർശന നടപടിയാണ് ഇക്കുറി തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിട്ടുള്ളത്. പോളിംഗിൽ കൃത്രിമം നടത്തുന്നവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ അരുൺ കെ.വിജയൻ അറിയിച്ചു.

1.എ.എസ്.ഡി ലിസ്റ്റ് റെഡി((സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിയവർ, മരിച്ചവർ)

അന്തിമ വോട്ടർ പട്ടിക പ്രകാരം ബി.എൽ.ഒ മുഖേന വോട്ടർമാർക്ക് വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്യുകയും സ്ലിപ്പുകൾ കൈപ്പറ്റാൻ സാധിക്കാത്തവരെ ഉൾപ്പെടുത്തി എ.എസ്.ഡി ലിസ്റ്റ് (സ്ഥലത്തില്ലാത്തവർ, സ്ഥലം മാറിയവർ, മരിച്ചവർ) ബി.എൽ.ഒമാർ തയ്യാറാക്കിയിട്ടുമുണ്ട്. ഈ ലിസ്റ്റിൽ പേര് വരുന്ന ഓരോ വോട്ടറും അവരുടെ തിരിച്ചറിയലിനായി തിരിച്ചറിയൽ രേഖകൾ ഹാജരാക്കണം.

2.കർശനപരിശോധന
പ്രിസൈഡിംഗ് ഓഫീസർ തിരിച്ചറിയൽ രേഖ വ്യക്തിപരമായി പരിശോധിക്കും. കൂടാതെ ഫോറം 17 എ യിലെ വോട്ടർമാരുടെ രജിസ്റ്ററിൽ ബന്ധപ്പെട്ട പോളിംഗ് ഓഫീസർ എ.എസ്.ഡി എന്ന് രേഖപ്പെടുത്തും.വോട്ടർമാരുടെ രജിസ്റ്ററിൽ ഒപ്പിന് പുറമെ അത്തരം ഇലക്ടർമാരുടെ ചുണ്ടൊപ്പും വാങ്ങും. നിശ്ചിത ഫോറത്തിൽ ഡിക്ലറേഷറനം വാങ്ങും.മൊബൈൽ ആപ്പിൽ പ്രിസൈഡിംഗ് ഓഫീസർ ഇയാളുടെ ഫോട്ടോ എടുക്കുകയും പാർട്ട് നമ്പർ സീരിയൽ നമ്പർ രേഖപ്പെടുത്തുകയും ചെയ്യും.

3.വെബ് കാസ്റ്റിംഗ്

പോളിങ് ബൂത്തുകളിൽ ക്രമക്കേട് ഉണ്ടാകുന്നത് തടയാൻ ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനുകളിലും ലൈവ് വെബ് കാസ്റ്റിങ്ങിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലാ കേന്ദ്രത്തിലൊരുക്കിയ കൺട്രോൾ റൂമിൽ നിന്ന് സദാ സമയവും ബൂത്തുകളിലെ നടപടികൾ നിരീക്ഷിക്കും. ചട്ട വിരുദ്ധമായ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉടൻ ആവശ്യമായ ഇടപെടൽ നടത്തും. ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ വിവിധ തലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും വെബ് കാസ്റ്റിംഗിന്റെ ദൃശ്യങ്ങൾ തൽസമയം നിരീക്ഷിക്കാൻ കഴിയും.

4.സഹായി വോട്ട്

അന്ധത മൂലം ബാലറ്റ് യൂനിറ്റിൽ പതിപ്പിച്ച ചിഹ്നങ്ങൾ കാണാൻ സാധിക്കാതിരിക്കുകയോ ശാരീരിക അവശത മൂലം ബാലറ്റ് യൂനിറ്റിൽ വിരൽ അമർത്തി വോട്ട് ചെയ്യാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന വോട്ടർക്ക് സഹായിയുടെ സേവനം അനുവദിക്കും. പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, വോട്ടർ ആഗ്രഹിക്കുകയാണെങ്കിൽ 18 വയസ് പൂർത്തിയായ ഏതൊരാൾക്കും സഹായി വോട്ടറായി പ്രവർത്തിക്കാം. എന്നാൽ, ഒരേ ദിവസം ഒന്നിൽ കൂടുതൽ വോട്ടർമാരുടെ സഹായിയായി പ്രവർത്തിക്കാൻ അനുവദിക്കില്ല.