pinarayi

കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കൂട്ടുകെട്ടുകളിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ട് ഒഴിവാക്കണമെന്നും പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. പിണറായിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജയരാജൻ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 'കൂട്ടുകെട്ടിന്റെ കാര്യത്തിൽ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് നേരത്തെയുള്ള അനുഭവമാണ്. സംശയകരമായ നിലയിൽ നിൽക്കുന്ന വ്യക്തിക്ക് ഇതിന് സാക്ഷിയായി വരാൻ കഴിഞ്ഞു. നന്ദകുമാറിന് എന്റെ കേസിലുള്ള ബന്ധം എനിക്ക് നന്നായി അറിയാം. എങ്ങനെയും പണം കിട്ടുമെന്ന് കരുതുന്നയാളാണ് ആ മനുഷ്യൻ. അത്തരം ആളുകളുമായി ബന്ധമോ, ലോഹ്യമോ പാടില്ല.'- അദ്ദേഹം പറഞ്ഞു.

എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്നും ഒരു മണ്ഡലത്തിലും ബി ജെ പി രണ്ടാം സ്ഥാനത്ത് എത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസും ബി ജെ പിയും കേരളത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് കേരള സംസ്ഥാനത്തിന്റെ പ്രവർത്തനത്തെ വിലയിരുത്താനുള്ള തിരഞ്ഞെടുപ്പല്ലെന്നും രാജ്യത്തിന്റെ പ്രവർത്തനത്തെ വിലയിരുത്താനുള്ള തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാര്യ കമലയ്‌ക്കും മകൾ വീണയ്‌ക്കുമൊപ്പമാണ് അദ്ദേഹം വോട്ടുചെയ്യാനെത്തിയത്.

ഇ,​പി ജയരാജൻ ബി,​ജെ,​പിയിലേക്ക് വരാൻ ചർച്ച നടത്തിയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആരോപണം. ഇ.പി. ബി.ജെ.പിയിൽ ചേരുന്നതിനുള്ള 90ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്ന് ഇപി തന്നെ പറയട്ടെയെന്നും ശോഭ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.