suresh-gopi

കൊച്ചി: തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച് നടൻ രഞ്ജി പണിക്കർ. ചോദ്യം കേട്ടപ്പോൾ ചിരിയായിരുന്നു ആദ്യ പ്രതികരണം. തുടർന്ന് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

'ഈ ചോദ്യം കുഴപ്പിക്കൊന്നൊന്നുമില്ല. എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല. ഏറ്റവും അസുന്ദരമായ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്നത് നമുക്കൊക്കെ ബോദ്ധ്യമുള്ള കാര്യമാണ്. ജനാധിപത്യമെന്ന സമ്പ്രദായം കെട്ടുപോകുന്ന അല്ലെങ്കിൽ അതിന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ തീർച്ചയായും ജനാധിപത്യം അതിന്റെ പരിഹാരമാർഗങ്ങൾ കണ്ടെത്താറുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം നമ്മൾ അത് കണ്ടതാണ്. ഇന്ത്യൻ ജനതയ്ക്ക് ഇത്രയധികം രാഷ്ട്രീയ ബോധമുണ്ടാവാത്ത കാലത്ത്, ജനാധിപത്യത്തിന്റെ നിലനിൽപിനായി വോട്ട് ചെയ്തിട്ടുണ്ട്. എല്ലാ കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവർത്തിക്കുക. അതിന്റെ എല്ലാ പരിമിതികൾക്കും പരാധീനതകൾക്കും ഉള്ളിൽ നിന്നുകൊണ്ട് തന്നെ ജനാധിപത്യത്തിന് അതിന്റേതായ മെക്കാനിസമുണ്ടെന്ന് വിശ്വസിക്കുന്ന വോട്ടറാണ് ഞാൻ.'- രഞ്ജി പണിക്കർ വ്യക്തമാക്കി.

അതേസമയം, രാവിലെ തന്നെ തൃശൂർ മുക്കാട്ടുകര സെന്റ്. ജോർജ് സ്കൂളിൽ എത്തി സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയിരുന്നു. ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവർക്കൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ബി ജെ പി പ്രവർ‌ത്തകരും കൂടെയുണ്ടായിരുന്നു.