
തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്‌ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്കാണ് ഇന്ത്യയിലെ ഏജന്റുമാരോടൊപ്പം ചേർന്ന് ഉദ്യോഗാർത്ഥികളെ ഇത്തരക്കാർ റിക്രൂട്ട് ചെയ്യുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി മാത്രമേ ഈ രാജ്യങ്ങളിൽ തൊഴിൽ തേടാവൂ. ഇതിനായി cons.phnompenh@mea.gov.in, visa.phnompenh@mea.gov.in എന്നീ ഇ-മെയിൽ വിലാസങ്ങൾ വഴി നോംപെന്നിലെ ഇന്ത്യൻ എംബസിയെ സമീപിക്കാമെന്നും നോർക്ക റൂട്സ് അറിയിച്ചു.
ഹോം നഴ്സിംഗ് ഏജൻസികൾക്ക് അച്ചടക്ക പാഠങ്ങളുമായി സാമൂഹ്യനീതി വകുപ്പ്
തിരുവനന്തപുരം: പരിചാരകരുടെ യോഗ്യതയും പെരുമാറ്ര മര്യാദകളും സംബന്ധിച്ച പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഹോം നഴ്സിംഗ് സ്ഥാപനങ്ങൾക്ക് അച്ചടക്ക മാനദണ്ഡങ്ങളുമായി സാമൂഹ്യനീതി വകുപ്പ്. ആവശ്യമെങ്കിൽ ഈ രംഗത്ത് പ്രത്യേക നിയമനിർമ്മാണം നടത്തും.
ഏജൻസികൾക്കും പരിചാരകർക്കുമുള്ള മാനദണ്ഡങ്ങൾ തയാറാക്കാൻ നിഷിനെ ചുമതലപ്പെടുത്തി. ഏജൻസികളുടെ എണ്ണം, നിലവാരം, പരിചാരകരുടെ യോഗ്യത, അടിസ്ഥാന ശമ്പളം എന്നിവയൊക്കെ മാനദണ്ഡങ്ങളിലുണ്ട്. രോഗീപരിചരണത്തിനുള്ള ബേസിക് ലെവൽ, അഡ്വാൻസ്‌ഡ് ലെവൽ ട്രെയിനിംഗ് കോഴ്സുകൾ പൂർത്തിയായവർക്ക് മാത്രമേ ഈ രംഗത്ത് പ്രവർത്തിക്കാനാവൂ.
പരിചാരകരുടെ വേതനം ഏകീകരിക്കും. ഏജൻസികളുടെ ചൂഷണം ഇല്ലാതാക്കും. പല ഏജൻസികളും വൻ തുക ഈടാക്കിയശേഷം സ്റ്റാഫിന് തുച്ഛവേതനം നൽകുന്നതായി പരാതിയുണ്ട്.
സാമൂഹ്യനീതി വകുപ്പ് പ്ളാനിംഗ് ബോർഡുമായി ചേർന്ന് ഏജൻസികളുടെ സർവേ ഉടൻ നടത്തും. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഏജൻസികൾ സർവേയിൽ ഉൾപ്പെടും.
മാനദണ്ഡങ്ങൾ സംബന്ധിച്ച പ്രഥമ റിപ്പോർട്ട് മേയ് ആദ്യം നിഷ് സാമൂഹ്യനീതി വകുപ്പിന് സമർപ്പിക്കും. സാമൂഹ്യനീതി വകുപ്പ് സർക്കാരിന് സെപ്തംബറിൽ റിപ്പോർട്ട് സമർപ്പിക്കും.