
റിയാദ്: മിസ് യൂണിവേഴ്സ് മത്സരത്തിൽ സുന്ദരിയെ പങ്കെടുപ്പിച്ച് സൗദി അറേബ്യ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമോ? ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയാകുന്നത് താനാണെന്ന് അവകാശപ്പെട്ട് റൂമി അൽഖഹ്തനി എന്ന യുവ സുന്ദരി രംഗത്തെത്തിയതോടെ ലോക മാദ്ധ്യമങ്ങളിൽ സൗദിയുടെ മാറ്റത്തെക്കുറിച്ചുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞു. എന്നാൽ സൗദി ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിരുന്നില്ല. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞതോടെ പ്രചരിക്കുന്ന വാർത്തകളിൽ ഒരു അടിസ്ഥാനവുമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മത്സരത്തിന്റെ സംഘാടകർ അറിയിച്ചു എന്നതരത്തിലായിരുന്നു വാർത്തകൾ പുറത്തുവന്നത്.
എന്നാൽ അതുകൊണ്ടും സസ്പെൻസ് തീർന്നില്ല. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ കോർഡിനേറ്റർ മരിയ ജോസ് ഉണ്ട വാർത്താ ഏജൻസിയായ എഎഫ്‌പിയിൽ നടത്തിയ ഒരു പ്രസ്താവനയോടെ സൗദിയിലെ ലോകസുന്ദരി മത്സരാർത്ഥി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ഇത്തവണ സൗദിയിൽ നിന്ന് മത്സരത്തിൽ പങ്കെടുക്കാൻ ഒരാൾ ഉണ്ടാവുമെന്നും അതിനുള്ള കർശന പരിശോധന നടക്കുകയാണെന്നും വ്യക്തമാക്കുന്ന തരത്തിലായിരുന്നു മരിയയുടെ പ്രസ്താവന. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും മരിയ സൂചിപ്പിച്ചു. വരുന്ന സെപ്തംബർ 18-ന് മെക്‌സിക്കോയിൽ വച്ചായിരിക്കും മത്സരം.
റൂമി അൽഖഹ്താനി
അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ റൂമി അൽഖഹ്താനി ഇക്കഴിഞ്ഞ മാർച്ചിലാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. മണിക്കൂറുകൾക്കകം പോസ്റ്റ് വൈലായി. റിയാദുകാരിയാണ് അൽഖഹ്താനി. മലേഷ്യയിൽ നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യനിൽ പങ്കെടുത്തതോടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി മത്സരങ്ങളിൽ സമ്മാനവും നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് റൂമി. ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുമില്യൺ ഫോളവേഴ്‌സാണ് ഉള്ളത്. ദന്തൽ മെഡിസിനിൽ ഡിഗ്രിയുള്ള റൂമിക്ക് അറബി, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ അപാരമായ പ്രാവീണ്യവും ഉണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്റർനാഷണൽ കമ്മറ്റി ഓഫ് റെഡ് ക്രോസ് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശബ്ദിക്കുന്നതിനായി ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു. ഏഴാമത് ലോക മനുഷ്യാവകാശ ഉച്ചകോടിയിൽ മുഖ്യ പ്രഭാഷകയായി അവരെ ക്ഷണിക്കുകയും ചെയ്തു.
കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാനും അൽഖഹ്താനിക്ക് ഒരു മടിയുമില്ല. മത്സരാർത്ഥി താനായിരിക്കുമെന്ന് അവകാശപ്പെട്ടുള്ള ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യത്തിന്റെ പതാകയേന്തി നിർക്കുന്ന ഗ്ലാമർ ചിത്രത്തിനെതിരെയുള്ള പ്രതിഷേധം അവർ കണ്ടതായിപ്പോലും നടിച്ചില്ല. കായിക താരങ്ങൾ മത്സരിക്കാനിറങ്ങുമ്പോൾ അവർ രാജ്യത്തിന്റെ പതാക വഹിക്കുന്നില്ലേ. അതുപോലെ മിസ് വേൾഡ് മത്സരത്തിലെ പകാക ചിത്രത്തിനൊപ്പം പ്രദർശിപ്പിച്ചു. അതിൽ ഒരു തെറ്റും ഇല്ലെന്നാണ് കരുതന്നത് എന്നായിരുന്നു അൽഖഹ്താനി പറഞ്ഞത്.
മാറ്റങ്ങളുടെ വസന്തകാലം
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ കീഴിൽ സൗദി മാറ്റങ്ങളുടെ വസന്തകാലത്തിലൂടെയാണ് കടന്നുപോകുന്നത്. രാത്രി ആഘോഷങ്ങൾ, സിനിമാശാലകളുടെ വരവ്, സിനിമ ചിത്രീകരണം ,വിദേശികളായ നയതന്ത്രജ്ഞർക്ക് മദ്യം ലഭ്യമാക്കാനുള്ള സൗകര്യം വരെ സൗദി അറേബ്യ നടപ്പാക്കിക്കഴിഞ്ഞു.
2018 ഏപ്രിൽ മാസത്തോടെ തലസ്ഥാനമായ റിയാദിൽ ആദ്യത്തെ സിനിമ തിയേറ്റർ തുറന്നതോടെയാണ് മാറ്റങ്ങൾക്ക് സൗദി തുടക്കം കുറിച്ചത്. അതേ വർഷം തന്നെ, തലസ്ഥാനത്തിന് പുറത്ത് ഒരു പുതിയ വിനോദ സമുച്ചയം ഉദ്ഘാടനം ചെയ്തു, ഇൻഡോർ സ്‌കീയിംഗ്, ഓട്ടോ റേസിംഗ്, വാട്ടർ ഗെയിമുകൾ എന്നീ സൗകര്യമുള്ള ഈ കെട്ടിടം ഡിസ്നി വേൾഡിന്റെ ഇരട്ടി വലിപ്പമുള്ളതായിരുന്നു. പിന്നാലെ കോമഡി ക്ലബ്ബുകൾ, നൈറ്റ് ലൈഫ് അടക്കമുള്ള സൗകര്യങ്ങൾ സൗദിയിലേക്കെത്തി. കൂടാതെ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ, ഫോർമുല വൺ ഡ്രൈവ് ഗ്രാൻഡ് പ്രിക്സ് എന്നീ മത്സരങ്ങൾക്കും സൗദി അറേബ്യ വേദിയായി.

മയമില്ലാത്ത വിമർശനങ്ങൾ
ഒരുവശത്ത് പരിഷ്‌കരണങ്ങൾ നടപ്പാക്കുമ്പോഴും വിമർശനങ്ങളും കാര്യമായി സൗദിക്ക് ലഭിക്കുന്നുണ്ട്.2023ൽ യൂറോപ്യൻ സൗദി ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ പങ്കാളിത്തത്തോടെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 2015ൽ സൽമാൻ രാജാവും മകനും അധികാരത്തിൽ വന്നതിനുശേഷം വധശിക്ഷകളിൽ 82 ശതമാനം വർദ്ധനവ് കാണിക്കുന്നു. വധശിക്ഷയ്ക്കായി തലവെട്ട് നടത്തുന്ന ഒരേയൊരു രാജ്യം സൗദി അറേബ്യയാണ്. 2018 മാർച്ചിലെ റിപ്രീവ് എൻജിഒ പറയുന്നത് അനുസരിച്ച്, കിരീടാവകാശിയായി സൽമാൻ രാജകുമാരൻ നിയമിക്കപ്പെട്ട് എട്ട് മാസത്തിനുള്ളിൽ ഏകദേശം 133 പേരെ വധശിക്ഷയ്ക്ക് വിധിച്ചെന്നാണ്. ഇപ്പോൾ പരിഷ്കാരം നടപ്പാക്കുന്നു എന്ന് വിളിച്ചുപറയുന്നത് ദുഷ്‌പേരിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നാണ് പ്രധാന വിമർശനം.