
കണ്ണൂർ: രാവിലെയും വൈകിട്ടും വിശാലമായി കുളിച്ച് തൂവലുകൾ ചീകി മിനുക്കും. പഴമോ പച്ചക്കറിയോ മറ്റെന്തെങ്കിലുമോ, കിട്ടുന്നതെന്തായാലും കഴിക്കും. പകൽ മുഴുവൻ വീട്ടുകാരുടെ കാര്യം നോക്കി കൂടെനിൽക്കും.സന്ധ്യയോടെ വീടിന് സമീപമുള്ള മരച്ചില്ലയിൽ ചേക്കേറും - കുക്കുകാക്കയുടെ ഒരുദിവസം ഇങ്ങനെയാണ്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ വെള്ളിയാമ്മാക്കൽ ജെയിംസിന്റെ വീട്ടിലെ വളർത്തുകാക്കയാണ് കുക്കു.
സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജരായി വിരമിച്ച ജെയിംസിനും റിട്ട.അദ്ധ്യാപികയായ ഗ്രേസിക്കും
വീടിന് സമീപത്തെ തെങ്ങിൻചുവട്ടിൽ നിന്നും ആറ് മാസം മുമ്പാണ് കുക്കുവിനെ കിട്ടിയത്. കുക്കുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാക്കക്കുഞ്ഞിനെ പാമ്പ് പിടിച്ചു. ശേഷം കുക്കുവിന്മേൽ കുടുംബത്തിന്റെ ശ്രദ്ധ കൂടി.കാക്കകൾ പൊതുവേ മനുഷ്യരെ സംശയത്തോടെ മാത്രം നോക്കുന്നവയായതിനാൽ വളരുമ്പോൾ പറന്നു പോകുമെന്നാണ് ജെയിംസ് കരുതിയത്. എന്നാൽ പറക്കമുറ്റിയിട്ടും കുക്കുകാക്ക ഇവരെ വിട്ടുപോയില്ല.
മകളും മകനും വിദേശത്ത് ഉപരിപഠനം നടത്തുന്നതുമൂലം വീട്ടിൽ തനിച്ചായ ദമ്പതികൾക്ക് വീട്ടിലെ ഒരംഗം പോലെയായി കുക്കുകാക്ക. രാവിലെ പാൽ വാങ്ങുന്നതിന് ടൗണിലെ സൊസൈറ്റിയിൽ പോകുന്ന ജെയിംസിനോടൊപ്പം കുക്കുകാക്കയും കാണും. ജെയിംസ് തൊടിയിൽ ജോലിക്ക് പോയാലും ഒപ്പമുണ്ടാകും. അര കിലോമീറ്റർ അകലെയുള്ള പുഴയിൽ ഗ്രേസി അലക്കാൻ പോകുമ്പോൾ മരച്ചില്ലകളിൽ മാറി മാറി പറന്നിരുന്ന് കൂടെയെത്തും കുക്കുകാക്ക.
വീട്ടിനകത്തുകയറുന്നതിന് വിലക്കൊന്നുമില്ലെങ്കിലും തൊടിയിലും മുറ്റത്തും പറന്നുനടക്കാനാണ് കുക്കുവിനിഷ്ടം. വീട്ടുകാരോട് ഇത്ര അടുപ്പമാണെങ്കിലും വീട്ടിലെത്തുന്ന കുട്ടികളെ കുക്കുവിന് അത്ര ഇഷ്ടമല്ല. തനിക്ക് കിട്ടുന്ന സ്നേഹം പങ്കുവയ്ക്കപ്പെടുമെന്നാണോ എന്തോ, കുട്ടികളെ കൊത്തി ഓടിക്കാൻ നോക്കും. എന്നാലും ജെയിംസിന്റെ കുക്കുകാക്ക നീണ്ടുനോക്കിയിലെ കുട്ടികളുടെയും താരമാണ്