deepak-aparna

നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ ഈ മാസം 24നാണ് നടൻ ദീപക് പറമ്പോലും നടി അപർണ ദാസും ഗുരുവായൂരിൽ വച്ച് വിവാഹിതരായത്. ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത് ഈ മാസം ആദ്യമാണ്. മലയാള സിനിമാ പ്രേക്ഷകർ ഒട്ടും പ്രതീക്ഷിക്കാത്ത വാർത്തയായിരുന്നു ഇത്. ഇപ്പോഴിതാ താരങ്ങൾ തമ്മിലുള്ള പ്രണയം കണ്ടെത്തിയ കഥ പറയുകയാണ് വിനീത് ശ്രീനിവാസൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.

'മനോഹരം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് അപർണയും ദീപക്കും തമ്മിൽ ഇഷ്‌ടത്തിലാവുന്നത്. അതിന്റെ പ്രൊമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിൽ ജോസഫും കൂടെ ഇത് പിടിക്കുന്നത്. അതുവരെ അപർണയും ദീപക്കും നമ്മളോട് പറഞ്ഞിട്ടില്ല. പ്രോമോഷൻ ഇന്റർവ്യൂവിന് പോകുന്ന സമയത്ത് നമുക്കൊരു ചെറിയ സ്‌പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മൾ പിടിച്ചു. സൂചനകൾ കിട്ടി. നാട്ടുകാർ ക്രിഞ്ച് എന്ന് പറയുമെങ്കിലും എനിക്ക് ഇതിലൊരു സ്‌കിൽ ഉണ്ട്.' - വിനീത് ശ്രീനിവാസൻ പറഞ്ഞു.

2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് വെള്ളിത്തിരയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും ദീപക് പ്രധാന വേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തീയേറ്ററുകളിലെത്തിയ വിജയചിത്രമായ മഞ്ഞുമ്മൽ ബോയ്സിൽ താരത്തിന്റെ പ്രകടനവും എടുത്തുപറയേണ്ടതായിരുന്നു. ഈ മാസം 11ന് റിലീസ് ചെയ്ത് 'വർഷങ്ങൾക്ക് ശേഷം' എന്ന ചിത്രത്തിലാണ് ദീപക് അവസാനമായി അഭിനയിച്ചത്.

2018ൽ പുറത്തിറങ്ങിയ ഫഹദ്ഫാസിൽ ചിത്രമായ ഞാൻ പ്രകാശനിലൂടെയാണ് അപർണ ദാസ് അഭിനയരംഗത്തെത്തുന്നത്. 'മനോഹരം' എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മനോഹരത്തിൽ അപർണയ്ക്കൊപ്പം ദീപകും പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിജയ് നായകനായ 'ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ അപർണ തമിഴകത്തും അരങ്ങേറ്റം കുറിച്ചു. തുടർന്ന് 'ഡാഡ' എന്ന ചിത്രത്തിലും താരം അഭിനയിച്ചു. 'ആദികേശവ' എന്ന ചിത്രത്തിലൂടെ അപർണ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. 'സീക്രട്ട് ഹോം' എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.