
വിഴിഞ്ഞം: ഇന്നലെ ഉച്ചയോടെ കടപ്പുറത്ത് മത്സ്യ തൊഴിലാളികളുടെ വള്ളത്തിൽപ്പെട്ട് കൂറ്റൻ അച്ചിണി സ്രാവ്' എത്തി. വിഴിഞ്ഞം സ്വദേശി സിൽവ ദാസിന്റെ വള്ളത്തിലെ ചൂണ്ടയിലാണ് സ്രാവ് ലഭിച്ചത്. ചൂണ്ടയിൽ കൊരുത്തുകഴിഞ്ഞാൽ ഇവ രക്ഷപ്പെടാനുള്ള ശ്രമം നടത്തും നീണ്ട പരിശ്രമങ്ങൾക്ക് ശേഷമാണ് മത്സ്യത്തെ കരയ്ക്ക് എത്തിച്ചത്.
വറുതിക്കിടയിലും മത്സ്യ തൊഴിലാളികൾക്ക് ആശ്വാസവും നാട്ടുകാർക്കും കൗതുകവുമായി തീരത്തെത്തിയ വമ്പൻ മത്സ്യം. വിഴിഞ്ഞത്ത് മുൻപും ഇത്തരത്തിൽ കൂറ്റൻ അച്ചിണി സ്രാവ് എത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിലും വിദേശത്തും വൻ ഡിമാന്റാണ് ഈ മത്സ്യത്തിന്.
കഴിഞ്ഞവർഷം, ലോകത്തിലെ ഏറ്റവും വലിയ മത്സ്യങ്ങളിലൊന്നായ വെള്ളുടുമ്പ് സ്രാവ് വിഴിഞ്ഞത്തടിഞ്ഞിരുന്നു. കടലിന്റെ അടിത്തട്ടിൽകാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തിൽ വലയിൽപ്പെട്ടതാകമെന്നാണ് കരുതുന്നത്. തൊലിപ്പുറത്ത് വെള്ള പുള്ളികളുള്ള വെള്ളുടുമ്പ് സ്രാവ് ഒട്ടുംതന്നെ അപകടകാരിയല്ല. തിമിംഗലം സ്രാവ് എന്നും ഇതിനെ വിളിക്കുന്നു.
സൂര്യപ്രകാശം ഇഷ്ടമില്ലാത്തതിനാൽ കടലിന്റെ അടിത്തടടിൽ തന്നെയാണ് ഇവ കാണുന്നത്. പണ്ടുകാലത്ത് മരം കൊണ്ട് നിർമിച്ചിരുന്ന വള്ളങ്ങളുടെ അടിഭാഗത്ത് ഈ സ്രാവിൽനിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നു. വന്യജീവി നിയമപ്രകാരം ഇവ സംരക്ഷിത മത്സ്യമാണ്.