
മലപ്പുറം: വോട്ടെടുപ്പിൽ പങ്കെടുക്കാൻ പോളിംഗ് ബൂത്തിലേക്ക് വരുന്നതിനിടെ അപകടത്തിൽപ്പെട്ട് വൃദ്ധൻ മരിച്ചു. ചെറമംഗലം കുരുക്കൾ റോഡ് സ്വദേശിയായ സൈദുഹാജി(70)യാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെ പോളിംഗ് ബൂത്തായ ബി.ഇ.എം എൽ.പി സ്‌കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ആംബുലൻസിന് സൈഡ് കൊടുക്കാനായി ലോറി ശ്രമിക്കവെ മുന്നിൽ പോയ സൈദുഹാജിയുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ലോറി ശരീരത്തിൽ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ സൈദുഹാജിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയ്‌ക്കലിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ ഖബറടക്കും. റസിയയാണ് സൈദുഹാജിയുടെ ഭാര്യ.ബാബുമോൻ, അർഷാദ്, ഷെഫിനീത്, അബ്‌ദുൾ ഗഫൂർ, ഹസീന, ഷെറീന എന്നിവർ മക്കളാണ്. ഹാജറ, സെലീന, ജാസ്‌മിൻ, മുർഷിദ എന്നിവർ മരുമക്കൾ.
ജില്ലയിൽ മറ്റൊരിടത്തും ഇന്ന് വോട്ടിംഗിന് പിന്നാലെ വോട്ടർ മരണത്തിന് കീഴടങ്ങി.തിരൂരിൽ തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖാണ്(63) മരിച്ചത്.