power-broker

കേരളത്തിൽ സീറ്റ് ലഭിക്കാൻ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്‌ച നടത്തിയെന്ന ദല്ലാർ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ രാഷ്ടട്രീയ കേരളം ചർച്ച ചെയ്യുകയാണ്. തന്റെ സാന്നിദ്ധ്യത്തിലാണ് ജയരാജനുമായി ജാവദേക്കർ സംസാരിച്ചതെന്നാണ് നന്ദകുമാറിന്റെ ആവകാശവാദം. ഇതിന് മുമ്പും പലതവണ ദല്ലാർ നന്ദകുമാറിന്റെ പേര് രാഷ്‌ട്രീയ ഇടനാഴികളിൽ ഉയർന്നു കേട്ടിട്ടുണ്ട്.

ഉന്നത കോർപ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന ടി.ജി നന്ദകുമാർ കേരള രാഷ്ട്രീയത്തിൽ വിവാദ നായകനാകുന്നത് ആദ്യമല്ല. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം മുതൽ ജഡ്‌ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം വരെ നേരിട്ടയാളാണ് നന്ദകുമാർ. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെന്റർ കൈമാറ്റത്തിലൂടെയാണ് ദല്ലാൾ നന്ദകുമാർ സജീവ ചർച്ചയാകുന്നത്.

കേസുകളിൽ ന്യായാധിപൻമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വ്യവഹാര ദല്ലാൾ, കോർപ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവർക്ക് വേണ്ടി രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്ന കൺസൾട്ടന്റ്, അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായ നികുതി വകുപ്പിന്റെയും ഇന്റലിജൻസ് ബ്യൂറോയുടേയും അന്വേഷണം നേരിട്ടയാൾ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങൾ.

വി.എസ് സർക്കാരിന്റെ കാലത്ത് കേരള സർക്കാരിന്റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്റർ അനിൽ അംബാനി ഗ്രൂപ്പിന് കൈമാറിതോടെയാണ് ദല്ലാൾ നന്ദകുമാർ കേരളത്തിൽ സജീവ ചർച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റർ റിലയൻസിന് നൽകിയതിന് പിന്നിൽ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേർന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളിൽ നന്ദകുമാറിന്റെ പേര് ഉയർന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയർന്നുവരാനിടയുള്ള എതിർപ്പുകൾ നിർവീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയർന്ന് കേട്ടിരുന്നു.

നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്‌ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരിൽ കത്തെഴുതിയ കേസിൽ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി ദല്ലാൾ നന്ദകുമാർ സ്ഥാനാർത്ഥികളെ നിർത്തിയെന്ന ആരോപണവുമുണ്ടായി. കേരള രാഷ്‌ട്രീയത്തിലെ പവർ ബ്രോക്കർ എന്ന പേര് നേടിയെടുക്കുന്നതിൽ ഒരുപരിധിവരെ നന്ദകുമാർ വിജയിച്ചുവെന്ന് കരുതണം.

ശരിക്കും എന്താണ് ഈ പവർ ബ്രോക്കിംഗ്? അതറിയണമെങ്കിൽ ഡൽഹി രാഷ്‌ട്രീയത്തിന്റെ ചരിത്ര ഇടനാഴികൾ പരതേണ്ടതുണ്ട്. എയർ ഡക്കാൻ കമ്പനിയുടെ ഉടമസ്ഥനായിരുന്ന ക്യാപ്‌ടൻ ജി.ആർ ഗോപിനാഥ് ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി. എന്റെ ഹെലികോപ്‌ടറിന്റെ ലൈസൻസ് നേടുന്നതിനായി മൂന്ന് വർഷമാണ് ഞാൻ ഡൽഹിയിൽ അലഞ്ഞത്.കാണേണ്ടവരെ കണ്ട്, കൊടുക്കേണ്ടവരുടെ പോക്കറ്റുകൾ നിറച്ചിരുന്നെങ്കിൽ മൂന്ന് മാസം കൊണ്ട് എനിക്കത് കിട്ടിപ്പോയേനെ...അതായിരുന്നു പവർ ബ്രോക്കർമാരുടെ കരുത്ത്.

ഭാരതത്തിന്റെ ചരിത്രകാലം തൊട്ടുതന്നെ പവർബ്രോക്കർമാരുടെ കൈയിൽ തന്നെയായിരുന്നു അധികാരം. രാജാവും ചെങ്കോലുമെല്ലാമുണ്ടെങ്കിലും കാര്യങ്ങൾ നിർണയിച്ചിരുന്നത് ഇത്തരം ശക്തികളായിരുന്നു. നിങ്ങളൊരു ഡിക്ഷണറയിൽ പവർബ്രോക്കർ എന്ന് പരതിയാൽ ലഭിക്കുന്ന ഉത്തരമല്ല ആ വാക്കിന്റെ രാഷ്‌ട്രീയ അർത്ഥം. പവർ ബ്രോക്കർ ആണോ പെണ്ണോ ആകാം. ചെറിയ കമ്പനികളുടെ സിഇഒമാർ, ലോക്കൽ രാഷ്ട്രീയക്കാർ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, ആക്‌ടിവിസ്‌റ്റുകൾ, മതനേതാക്കൾ, കൺസൽട്ടന്റുമാർ തുടങ്ങി പല മേഖലയിലുള്ളവരും പവർബ്രോക്കിംഗിൽ പങ്കാളികളാണ്. അതിന് യോഗ്യത നേടാൻ പൊതുവായി ഒരു കാര്യം വേണമെന്ന് മാത്രം. അതിശക്തമായ രാഷ്ടട്രീയ ബന്ധങ്ങൾ. സർക്കാരിന്റെ നിലനിൽപ്പിനെ കുറിച്ചും, പ്രതിപക്ഷത്തിന്റെ ശക്തിക്ഷയങ്ങളെ കുറിച്ചും നല്ല അറിവുള്ളവരായിരിക്കും പവർ ബ്രോക്കർമാർ. വലിയ കോർപ്പറേറ്റുകളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുമായിരിക്കും ഇവർ.

കോർപ്പറേറ്റുകൾക്ക് പലപ്പോഴും സർക്കാരുകളിൽ നിന്നും പലതും നേടിയെടുക്കാനുണ്ടാകും. അത്തരം ഘട്ടത്തിൽ അവർ ആശ്രയിക്കുന്നത് പവർ ബ്രോക്കർമാരെയാണ്. രാഷ്ട്രീയ ഉന്നതികളിൽ വമ്പൻ ഇടപെടലുകൾ നടത്തി ഡീൽ ഉറപ്പിക്കാൻ കോടികളാണ് പ്രതിഫലം. എന്നാൽ ദല്ലാർ നന്ദകുമാർ ചെയ‌്തതുപോലെ പൊതുമദ്ധ്യത്തിൽ വന്ന് തോന്നുന്നതെല്ലാം വിളിച്ചുപറയുന്നവരെല്ല ഇന്ദ്രപ്രസ്ഥം അടക്കം ഉള്ളം കൈയിൽ കൊണ്ടുനടക്കുന്ന പവർഫുളായ പവർബ്രോക്കർമാർ. ലളിതമായി പറഞ്ഞാൽ ക്യാമറയ‌്ക്ക് മുന്നിൽ പോലും വരാത്ത ലൂസിഫർമാർമാരാണ് ഇന്ത്യയിലെ എണ്ണം പറഞ്ഞ പവർ ബ്രോക്കർമാർ എന്ന് സാരം.