f

ഒരു യുദ്ധത്തിനും, അത് ആരംഭിക്കുമ്പോഴത്തെ വാർത്താപ്രാധാന്യം പിന്നീടങ്ങോട്ട് കിട്ടാറില്ല. അതേസമയം,​ പോരാട്ടഭൂമികളിൽ മരണങ്ങളും കെടുതികളും ക്ഷാമവും മറ്റ് നാശനഷ്ടങ്ങളും തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യും. യുക്രെയിനു മേലുള്ള റഷ്യൻ അധിനിവേശം എണ്ണൂറ് ദിവസത്തോടടുക്കുന്നു. ഇസ്രയേലിനു നേരെ ഹമാസ് പോരാളികൾ കഴിഞ്ഞ ഒക്ടോബർ ഏഴിനു നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ- ഹമാസ് യുദ്ധം ഏഴു മാസത്തോടടുക്കുന്നു! യെമനിലെയും സുഡാനിലെയും ആഭ്യന്തരയുദ്ധങ്ങൾ ഉൾപ്പെടെ,​ ലോകമാദ്ധ്യമങ്ങളുടെ കൺവെട്ടത്തെങ്ങും പെടാതെ തുടരുന്ന പത്തിലധികം യുദ്ധങ്ങളോ കലാപങ്ങളോ കുരുതികളുടെയും കെടുതികളുടെയും ചരിത്രമെഴുതിക്കൊണ്ടേയിരിക്കുന്നു. ഗാസയിൽ ഇതുവരെ 42,​000-ത്തിൽ അധികം പലസ്തീനികളുടെയും,​ 1400-ലധികം ഇസ്രയേലികളുടെയും ജീവനെടുത്ത യുദ്ധമാകട്ടെ,​ ഒരു വെടിനിറുത്തൽ സാദ്ധ്യതയ്ക്കും ആകാശം തെളിയാതെ പശ്ചിമേഷ്യയ്ക്കു മീതെ ഇരുൾമേഘമായി പടർന്നുനില്ക്കുന്നു.

യുദ്ധത്തിൽ, തങ്ങൾ ഇസ്രയേലിനൊപ്പമാണെന്ന് അമേരിക്ക ഇതിനകം എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ കല്ലിന്മേൽ കല്ലു ശേഷിക്കാതാകുംവരെ ആക്രമണം തുടരുമെന്ന് പ്രതിജ്ഞയെടുത്ത ഇസ്രയേലിന്,​ അതിനു വേണ്ടുന്ന സാമ്പത്തിക,​ ആയുധ പിൻബലം നല്കിക്കൊണ്ടിരിക്കുന്നതും അമേരിക്ക തന്നെ. ലോക പൊലീസ് കളിക്കുന്ന അമേരിക്കയുടെ ഈ മാടമ്പത്തരത്തിനെതിരെ രാജ്യത്തിനകത്തു നിന്നുതന്നെ സർവകലാശാലാ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും വലിയൊരു മുന്നേറ്റം ഉയർന്നുവരുന്നതിന്റെ മേഘഗർജ്ജനം കഴിഞ്ഞ കുറച്ചുദിവസങ്ങളായി മുഴങ്ങുന്നുണ്ട്. ന്യൂയോർക്കിലെ പ്രശസ്തമായ കൊളംബിയ സർവകലാശാലയാണ് അമേരിക്കയിലെ പലസ്തീൻ അനുകൂല- ഇസ്രയേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രം. ഇവിടെ മാത്രം ഒരാഴ്ചയ്ക്കിടെ നൂറിലധികം വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. അറ്റ്ലാന്റയിലെ എമോറി യൂണിവേഴ്സിറ്റി,​ ഇൻഡ്യാന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെല്ലാം പ്രക്ഷോഭങ്ങളും അറസ്റ്റും മുറയ്ക്കു നടക്കുന്നുണ്ട്.

1970-കളിൽ,​ അമേരിക്കയുടെ വിയറ്റ്നാം ആക്രമണകാലത്ത് പടർന്നതിനു സമമായൊരു വിദ്യാർത്ഥി മുന്നേറ്റത്തിനാണ് വഴിയൊരുങ്ങുന്നതെന്നു വേണം കരുതേണ്ടത്. സ്വതന്ത്രചിന്തയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും പ്രശസ്തമായ കൊളംബിയ സർവകലാശാലയിൽ നിന്നുള്ള യു.എസ് വിരുദ്ധ മുദ്രാവാക്യങ്ങൾ കാലിഫോർണിയ,​ യേൽ,​ മിഷിഗൺ തുടങ്ങി മറ്റു സർവകലാശാലകളിലേക്കും അതിവേഗം പടരുമ്പോൾ,​ ഇവരെ എതിരിട്ട് ഇസ്രയേൽ അനുകൂല വിദ്യാർത്ഥി സംഘങ്ങളും രംഗത്തുണ്ട്. കൊളംബിയ സർവകലാശാലയിൽ കഴിഞ്ഞ ദിവസം ജൂത വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ചെന്ന യു.എസ് ജനപ്രതിനിധിസഭാ സ്പീക്കർ മൈക്ക് ജോൺസണെ സമരക്കാരായ വിദ്യാർത്ഥികൾ കൂക്കിവിളിച്ചാണ് പറഞ്ഞുവിട്ടത്. അമേരിക്കൻ പിൻബലത്തോടെ ഗാസയിൽ ഇസ്രയേൽ തുടരുന്ന രക്തച്ചൊരിച്ചിലിനെച്ചൊല്ലി രാജ്യത്തിനകത്തു തന്നെ സർവകലാശാലകൾ കേന്ദ്രീകരിച്ച് ഇരുപക്ഷത്തിന്റെയും പ്രക്ഷോഭങ്ങൾ കത്തിപ്പടരുന്നത് എപ്പോൾ വേണമെങ്കിലും അക്രമങ്ങളിലേക്കും വിദ്യാർത്ഥി കലാപത്തിലേക്കും വഴിതിരിയാമെന്ന അപകടസ്ഥിതിയുമുണ്ട്.

അതേസമയം,​ സ്വതന്ത്ര പലസ്തീൻ എന്ന ആവശ്യം അംഗീകരിക്കാതെ തോല്ക്കാനില്ലെന്ന് ഹമാസും,​ തെക്കൻ ഗാസയിലേക്ക് ആക്രമണം വ്യാപിപ്പിക്കാൻ പദ്ധതിയുമായി ഇസ്രയേലും കടുംപിടിത്തം തുടരുമ്പോൾ യുദ്ധപര്യവസാനമെന്നതു പോയിട്ട്,​ താത്കാലിക വെടിനിറുത്തലിനു പോലുമുള്ള സാദ്ധ്യതയുടെ പ്രതീക്ഷ പോലും എങ്ങുമില്ല. യുദ്ധം ഓരോ മാസവും പിന്നിടുമ്പോൾ മാദ്ധ്യമങ്ങൾ അനുഷ്ഠാനം പോലെ പ്രസിദ്ധീകരിക്കുന്ന മരണക്കണക്കു മാത്രമാണിപ്പോൾ ഇസ്രയേൽ- ഹമാസ് പോരാട്ടം. ഏതു യുദ്ധവും ലോകത്തെവിടെയും ഭീകരതയും നഷ്ടങ്ങളുമല്ലാതെ മറ്റൊന്നും അവശേഷിപ്പിച്ചിട്ടില്ല. നിസ്സഹായരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും നിലവിളികളല്ലാതെ മറ്റൊന്നും ഒരു യുദ്ധത്തിനു മീതെയും മുഴങ്ങിക്കേൾക്കുന്നില്ല. ഇപ്പോഴാകട്ടെ, ഒരു യുദ്ധവും രണ്ടു രാജ്യങ്ങൾ തമ്മിലുള്ളതു മാത്രവുമല്ല. പകയുടെയും വിദ്വേഷത്തിന്റെയും പരീക്ഷണകാലത്തിന് അറുതി പറഞ്ഞ്,​ പശ്ചിമേഷ്യൻ മേഖലയിൽ സമാധാനത്തിന്റെ പുലരി എത്തിക്കാൻ ഇനി വൈകിക്കൂടാ.