mammootty

കൊച്ചി: വെറ്റിലയിലെ പൊന്നുരുന്നിയിലെ ബൂത്തിൽ വോട്ട് ചെയ്യാനായി മെഗാസ്റ്റാർ മമ്മൂട്ടിയും എത്തി. ഭാര്യ സുൽഫത്തിനോടൊപ്പം ഉച്ചയ്ക്ക് ശേഷമാണ് താരം എത്തിയത്. മമ്മൂട്ടിയെ കാണാനായി വൻജനാവലിയാണ് ബൂത്തിൽ തടിച്ചുകൂടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ താരത്തോട് ബൂത്ത് പരിസരത്തുവച്ച് സംസാരിച്ചു.

സ്വന്തമായി കാറോടിച്ചുവന്ന താരം അഞ്ച് മിനിട്ട് സമയം മാത്രമാണ് ബൂത്തിൽ ചെലവഴിച്ചത്. വോട്ട് ചെയ്തതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. മമ്മൂട്ടിയുടെ വേഷവും ഏറെ ശ്രദ്ധ നേടി. മൂണ്ടും ഒലിവ് ഗ്രീൻ ഷർട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് ടർബോ ലുക്കിലാണ് താരമെത്തിയത്.

അഭിനയത്തിരക്കുകൾക്കിടയിലും നിരവധി സിനിമാതാരങ്ങളാണ് വോട്ട് രേഖപ്പെടുത്തുന്നതിനായി എത്തിച്ചേരുന്നത്. സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴയിൽ ജില്ലാ കളക്ടറുടെ വസതിക്ക് സമീപമുളള പോളിംഗ് ബൂത്തിലാണ് നടൻ ഫഹദ് ഫാസിൽ വോട്ട് ചെയ്യാനായി എത്തിയത്. കൊച്ചിയിൽ നിന്ന് നേരിട്ടാണ് അദ്ദേഹം ഇവിടെയെത്തിയത്. പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമാണ് ഫഹദ് വോട്ട് ചെയ്യാനെത്തിയത്.