vadakara

വടകര: സംസ്ഥാനത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന വടകര മണ്ഡലത്തില്‍ പോളിംഗ് വൈകുന്നു. നാല് മണിക്കൂര്‍ വരെ ക്യൂവില്‍ നിന്ന ശേഷം പലരും വോട്ട് ചെയ്യാതെ മടങ്ങുകയാണ്. രാത്രി 9 മണിയോടെ മാത്രമേ ഇവിടെ പോളിംഗ് അവസാനിക്കുകയുള്ളൂവെന്നാണ് വിവരം. വോട്ടിംഗ് മെല്ലെപ്പോക്കിനെ തുടര്‍ന്ന് മണ്ഡലത്തില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്നതായി വടകരയിലെ യുഡിഎഫ് എംഎല്‍എ കെകെ രമ.

വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നാണ് വോട്ടര്‍മാരുടെ പരാതി. പലരും തലചുറ്റി വീണെന്നും ഇവര്‍ പറയുന്നു. കുറവ് ബൂത്തുകളും ഉദ്യോഗസ്ഥരുടെ വേഗത ഇല്ലായ്മയുമാണ് പ്രതിസന്ധി വര്‍ധിപ്പിച്ചത് എന്നാണ് ആരോപണം. പരാതിയുമായി കെ.കെ.രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. ഒരാള്‍ വോട്ടുരേഖപ്പെടുത്താന്‍ എടുക്കുന്ന സമയം കൂടുന്നുവെന്നും നിരവധിപേര്‍ ക്യൂവില്‍ നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞു. ഈ കാരണത്താലാണ് വടകരയിലെ വോട്ടിങ് ശതമാനം കുറയുന്നത്.

എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. സ്ത്രീകടളടക്കം പല ബൂത്തുകളിലും മടങ്ങിപോകുകയാണ്. വരണാധികാരിയെ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. രാത്രി പത്തുമണി ആയാലും വോട്ടിങ് അവസാനിക്കില്ലെന്നാണ് തോന്നുന്നതെന്നും തിരികെപോയ പലരേയും തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കെകെ രമപറഞ്ഞു.

കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത അവസ്ഥയാണ് വടകരയിലെന്ന് അവര്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ വളരെ മന്ദഗതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. വോട്ടിംഗ് കഴിഞ്ഞാലുള്ള ശബ്ദം ഏഴു സെക്കന്‍ഡില്‍ കൂടുതല്‍ കഴിഞ്ഞാണ് വരുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നെന്ന സംശയമുണ്ടെന്നും രമ ആരോപിച്ചു.