kbfc

കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് ക്ലബ് വിട്ടു. മൂന്ന് സീസണുകളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ കളിപഠിപ്പിച്ച അദ്ദേഹം എല്ലാ സീസണിലും ടീമിനെ പ്ലേ ഓഫില്‍ എത്തിച്ചിരുന്നു. 2021-22 ല്‍ തന്റെ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദിനോട് ബ്ലാസ്‌റ്റേഴ്‌സ് ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ വിവാദ ഗോളിനെ തുടര്‍ന്ന് ടീമിനെ കളത്തില്‍ നിന്ന് തിരിച്ച് വിളിച്ച ഇവാന്റെ നടപടി ശിക്ഷാവിധേയമായിരുന്നു. വിവിധ പരിശീലകര്‍ പത്ത് സീസണുകളിലായി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തെ ആയിരുന്നു.

സ്‌നേഹത്തോടെ മലയാളികള്‍ അദ്ദേഹത്തെ ആശാന്‍ എന്ന് വിളിക്കുകയും ചെയ്തിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുമായി വലിയ അടുപ്പവും ആത്മബന്ധവും പുലര്‍ത്തുന്ന വ്യക്തികൂടിയായിരുന്നു അദ്ദേഹം. ടീമില്‍ മറ്റേതൊരു താരത്തിന് ലഭിക്കുന്നതിലും വലിയ ആരാധക പിന്തുണയും ആശാനായിരുന്നു. കഴിഞ്ഞ സീസണിലെ ക്ലബ്ബിന്റെ മോശം പ്രകടനമാണ് വുക്കോമനോവിച്ചിന്റെ തലയുരുളാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എപ്പോഴെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് പോയാലും ഒരിക്കലും താന്‍ മറ്റൊരു ഇന്ത്യന്‍ ക്ലബ്ബിന്റെ പരിശീലകനായി മടങ്ങിയെത്തില്ലെന്ന് മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു. കൂടുതല്‍ തുകയ്ക്ക് മറ്റ് പല ക്ലബ്ബുകളും മുമ്പ് വുക്കോമനോവിച്ചിനായി രംഗത്ത് വന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അന്ന് അദ്ദേഹം അത് നിരസിക്കുകയായിരുന്നു.

ആശാന്‍ സ്ഥാനമൊഴിയുന്നുവെന്ന വിവരം കേരള ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വുക്കോമനോവിച്ചിന്റെ ഭാവി പദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും അറിയിക്കുന്നുവെന്നും ക്ലബ്ബ് സമൂഹമാദ്ധ്യമ പേജുകളില്‍ കുറിച്ചു. വുക്കോമനോവിച്ച് വിദേശ ക്ലബ്ബിന്റെ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് വിവരം.